കരുതലിന്റെ കരുത്തിനായി കോവിഡ് ബ്രിഗേഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബര്‍ മാസത്തോടെ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം വൈറസ് വ്യാപനം ഉണ്ടായാല്‍ മരണ നിരക്ക് കൂടുമെന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. അതുകൊണ്ട് വൈറസ് വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ആരോഗ്യ സംവിധാനങ്ങള്‍ വിപുലപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം മനുഷ്യ വിഭവ ശേഷിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം കൂടുതലായി ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണ് കോവിഡ് ബ്രിഗേഡ് എന്ന ആശയത്തിന് രൂപം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപെടുത്താന്‍ ഇതിനോടകം എണ്ണായിരത്തിലധികം ആരോഗ്യ പ്രവത്തകരെ സര്‍ക്കാര്‍ അടിയന്തിരമായി നിയമിച്ചു. എണ്ണൂറിലധികം സി.എഫ്.എല്‍.ടി.സികള്‍ ഒരുക്കി. കോവിഡ് ആശുപത്രികളും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിച്ചു. ഇതോടൊപ്പം മതിയായ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരെ സജ്ജമാക്കാനാണ് കോവിഡ് ബ്രിഗേഡ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നമ്മുടെ നാട്ടില്‍ ആരോഗ്യ രംഗത്തും മറ്റു മേഖലയിലും യോഗ്യരായ ഒട്ടേറെപ്പേരുണ്ട്. മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, ഡെന്റല്‍, ഹോമിയോ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, എം.എസ്.ഡബ്ല്യു., എം.ബി.എ., എം.എസ്.സി., എം.എച്ച്.എ. ബിരുദധാരികളും സന്നദ്ധ സേവകര്‍ തുടങ്ങിയവരെയെല്ലാം ഉള്‍പ്പെടുത്തി കൊണ്ടാണ് കോവിഡ് ബ്രിഗേഡ് രൂപീകരിക്കുന്നത്. ഈ വിഷമഘട്ടത്തില്‍ ഒന്നിച്ചു നിന്ന് കരുതലോടെ മുന്നേറാന്‍ നമുക്ക് കഴിയണം. കോവിഡ് ബ്രിഗേഡ് എന്ന ഈ സാമൂഹ്യ സേനയില്‍ ചേരാന്‍ ഈ രംഗത്തുള്ളവരോട് മന്ത്രി അഭ്യര്‍ത്ഥിച്ചു.
കോവിഡ് ബ്രിഗേഡില്‍ ചേരാന്‍ https://covid19jagratha.kerala.nic.in/ എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.