മുംബൈ: വിവാഹ വാര്‍ഷികം മറന്നുപോയതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടു എന്ന് യുവാവിന്റെ പരാതി. ഭാര്യയും ഭാര്യവീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് യുവാവിന്റെ പരാതി. ശാരീരിക ഉപദ്രവത്തിന് പുറമെ തന്റെ വാഹനവും വീടിന്റെ ജനാലയും ഭാര്യവീട്ടുകാര്‍ നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. മഹാരാഷ്ട്രയിലാണ് സംഭവം.
സംഭവത്തില്‍ നാല് പേര്‍ക്കെതിരെയും ആക്രമണത്തിന് കേസെടുത്തിട്ടുണ്ടെന്നും വിഷയം അന്വേഷിക്കുകയും കറ്റും തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323, 324, 327, 504, 506, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഫെബ്രുവരി 18 നായിരുന്നു സംഭവം. വിവാഹവാര്‍ഷിക ദിനത്തില്‍ ആശംസ അറിയിക്കാന്‍ മറന്നുപോയ വിശാലിനോട് ഭാര്യയ്ക്ക് ദേഷ്യം തോന്നി. ഈ ദേഷ്യത്തില്‍ യുവതി തന്റെ സഹോദരനേയും മാതാപിതാക്കളേയും വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഒപ്പം ഭര്‍ത്താവിനോട് അയാളുടെ കൂടെ ഇനി ജീവിക്കാന്‍ തനിക്ക് താല്പര്യമില്ലെന്നും യുവതി പറഞ്ഞു.
യുവാവിന്റെ വീട്ടിലെത്തിയ ഭാര്യാ സഹോദരനും മാതാപിതാക്കളും യുവാവിനേയും യുവാവിന്റെ അമ്മയേയും മര്‍ദ്ദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനവും വീടിന്റെ ജനാലയും അവര്‍ നശിപ്പിച്ചു എന്നും പരാതിയിലുണ്ട്. 2018 -ലാണ് ഇരുവരും വിവാഹിതരായത്. ഒരു കൊറിയര്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരുകയാണ് വിശാല്‍. ഭാര്യ ഫുഡ് ഔട്ട്ലെറ്റിലാണ് ജോലി ചെയ്യുന്നത്.
പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീര്‍ക്കാം എന്ന് പറഞ്ഞ് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, ഇതിനിടയില്‍ യുവതി വിശാലിന്റെ അമ്മയെ തല്ലി എന്നും പരാതിയില്‍ പറയുന്നു. പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.