ലണ്ടൻ: യു.കെയിലെ ബ്രൈറ്റണിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം കൂത്താട്ടുകുളം സ്വദേശികളായ ജോർജ് ജോസഫിന്റെയും ബീന ജോർജിന്റെയും മകൾ നേഹ ജോർജ് (25) ആണ് മരിച്ചത്. നേഹ യുകെയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു. കുടുംബം ഏറെ നാളായി ബ്രൈറ്റണിൽ താമസിക്കുകയാണ്. ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിലുള്ള ഭർത്താവിന്റെ അടുത്തേക്ക് ഇന്ന് യാത്ര ചെയ്യാനിരിക്കവെ ആയിരുന്നു ആകസ്മിക വിയോഗം.
ഓസ്ട്രേലിയയിൽ സ്ഥിര താമസമാക്കിയ കോട്ടയം പാലാ സ്വദേശികളായ ബേബി എബ്രഹാം, ലൈസ ബേബി എന്നിവരുടെ മകൻ ബിനിൽ ബേബിയും, നേഹയും തമ്മിലുള്ള വിവാഹം 2021 ഓഗസ്റ്റ് 21ന് നടന്നിരുന്നു. വിവാഹ ശേഷം ഓസ്ട്രേലിയയിലേക്ക് പോകുന്നതിന്റെ സന്തോഷം പങ്കിടാനായി സഹൃത്തുക്കൾക്ക് വിരുന്ന് നൽകിയ ശേഷം മടങ്ങിയെത്തിയതായിരുന്നു നേഹ. ഇന്ന് രാവിലെയാണ് കുഴഞ്ഞു വീണത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.