തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവച്ച ഗവർണറുമായി സംസ്ഥാന സർക്കാർ അനുനയ നീക്കത്തിന്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടതു പ്രകാരം മന്ത്രിമാര്‍ ഇന്ന് രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കും. നാലു മന്ത്രിമാരാണ് രാത്രി എട്ടുമണിക്ക് ഗവര്‍ണറെ സന്ദര്‍ശിക്കുക. മന്ത്രിമാരായ പി രാജീവ്, ആര് ബിന്ദു, വി എന്‍ വാസവന്, ജെ. ചിഞ്ചു റാണി എന്നിവരാണ് ഗവര്‍ണറെ കാണുന്നത്. നിയമസഭ പാസ്സാക്കിയ എട്ടു ബില്ലുകളാണ് ഗവർണർ തടഞ്ഞുവച്ചിരിക്കുന്നത്.
മന്ത്രിമാര്‍ക്കായി ഗവര്‍ണര്‍ അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. നിയമസഭ പാസ്സാക്കിയിട്ടും ബില്ലുകളില്‍ മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്കിയാല് മാത്രമേ ഒപ്പിടുന്ന കാര്യം പരിഗണിക്കൂ എന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിമാര്‍ രാജ്ഭവനിലെത്തുന്നത്. അതേസമയം മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരിച്ചാലും ലോകായുക്ത, സര്‍വകലാശാല ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാനുള്ള സാധ്യത കുറവാണ്. നാളെ വൈകീട്ട് ഗവര്‍ണര്‍ വീണ്ടും ഡല്‍ഹിക്ക് പോകും.
അതേസമയം, സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസിയെ നീക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്ന ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകാമെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഗവര്‍ണര്‍ നിയമിച്ച താല്‍ക്കാലിക വി സി ഡോ. സിസാ തോമസിനെ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടില്ലെന്നാണ് നിയമോപദേശത്തിലെ പ്രധാന നിരീക്ഷണം. നിയമനരീതിയും കോടതി ചോദ്യം ചെയ്തിട്ടില്ല. സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന പാനലില്‍നിന്നു താത്കാലിക വിസിയെ നിയമിക്കാനും നിര്‍ദേശിച്ചിട്ടില്ല. ഇക്കാരണങ്ങളാല്‍ സര്‍ക്കാര്‍ പാനല്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് നിയമോപദേശം.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച മൂന്നംഗ പാനലില്‍ നിന്നും തിടുക്കപ്പെട്ട് ഗവര്‍ണര്‍ നിയമനം നടത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, കോടതി വിധിക്കെതിരെ ഗവര്‍ണര്‍ അപ്പീല്‍ നല്കിയാല്, വീണ്ടും സര്‍ക്കാരുമായി ഏറ്റുമുട്ടലിന് കളമൊരുങ്ങും. സര്‍ക്കാര്‍ നിര്‍ദേശിച്ച പാനലില്‍ നിന്നും പുതിയ വിസിയെ നിയമിക്കണമെന്ന് മന്ത്രി ബിന്ദു കൂടിക്കാഴ്ചയില്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടേക്കും. നിയമോപദേശത്തിൽ ഗവർണർ തീരുമാനം എടുത്തിട്ടില്ല.