KeralaNEWS

സർക്കാരിൻറെ നികുതിക്കൊള്ളയ്ക്ക് സംരക്ഷണം നൽകാൻ പൊലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണം: കെ. സുധാകരൻ

തിരുവനന്തപുരം: സർക്കാരിൻറെ നികുതിക്കൊള്ളയ്ക്ക് സംരക്ഷണം നൽകാൻ പൊലീസ് നടത്തുന്ന നരനായാട്ട് എത്രയും വേഗം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എം.പി. കേരളത്തിലെ അദ്യത്തെയും അവസാനത്തെയും മുഖ്യമന്ത്രിയല്ല പിണറായി വിജയൻ. ജനത്തെ മറന്ന് ഭരണം നടത്തിയാൽ പ്രതിഷേധം ഉണ്ടാകുക തന്നെ ചെയ്യും. അതിനെ ഭയന്ന് പ്രതിഷേധക്കാരെ വണ്ടിയിടിച്ചോ തലക്കടിച്ചോ അപായപ്പെടുത്താനുള്ള നിർദ്ദേശം മുഖ്യമന്ത്രി നൽകിയിട്ടുണ്ടോയെന്ന് ഡിജിപി വ്യക്തമാക്കണം.

കേരളത്തിൻറെ തെരുവോരങ്ങളിൽ അപകടം വിതയ്ക്കും വിധമാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ചീറിപ്പായുന്നത്. മുഖ്യമന്ത്രിയുടെ നിയമവിരുദ്ധ പ്രവർത്തികൾക്കെല്ലാം കാവലാളാകുന്ന പൊലീസ്, രാജാവിനേക്കാൾ വലിയ രാജ ഭക്തിയാണ് കാട്ടുന്നത്. റോഡരികിൽ പ്രതിഷേധിക്കാൻ നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ നേർക്ക് അമിത വേഗത്തിൽ വാഹനം ഓടിച്ച് കയറ്റിയും ലാത്തികൊണ്ട് തലയ്ക്കടിച്ചും കൊല്ലാൻ ശ്രമിക്കുന്നു. ഇതിനെല്ലാം പുറമെയാണ് അന്യായമായുള്ള കരുതൽ തടങ്കലുകൾ. നിയമപാലകർ ഭരണകോമരങ്ങൾക്ക് വേണ്ടി നിയമം ലംഘിച്ച് കിരാത നടപടികൾ തുടരുമ്പോൾ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ‍ഞങ്ങളും നിർബന്ധിതരാകുമെന്നും സുധാകരൻ പറഞ്ഞു.

Signature-ad

സമാധാനമായി പ്രതിഷേധിക്കുന്ന ‍‍‍ഞങ്ങളുടെ കുട്ടികൾക്ക് നേർക്ക് അഴിഞ്ഞാട്ടം നടത്തുകയാണ് പൊലീസ്. ലാത്തികാട്ടിയാൽ ഒലിച്ച് പോകുന്നതല്ല കോൺഗ്രസ് പ്രവർത്തകരുടെ സമരവീര്യം. ഒരു പ്രകോപനവുമില്ലാതെയാണ് കളമശേരി പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായി തല്ലിച്ചതച്ചതും അത് ചോദ്യം ചെയ്യാനെത്തിയ സംസ്ഥാന അധ്യക്ഷനും ജനപ്രതിനിധി കൂടിയായ ഷാഫി പറമ്പിലിൻറെയും ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിൻറെയും മേൽ തട്ടിക്കയറിയത്.

നിയമം ലംഘിക്കാൻ പൊലീസിന് പ്രത്യേക അധികാരം വല്ലതും ‘മുഖ്യമന്ത്രി തമ്പ്രാൻ’ തന്നിട്ടുണ്ടോ എന്ന് സുധാകരൻ ചോദിച്ചു. പുരുഷ പൊലീസ് കെ എസ് യു പ്രവർത്തകയെ അപമാനിച്ചിട്ട് ഒരു നടപടിയുമെടുത്തില്ല. കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവെെഎഫ്ഐ ക്രിമിനലുകൾ മർദ്ദിക്കുമ്പോൾ കാഴ്ചക്കാരെപ്പോലെ പൊലീസ് കെെയ്യും കെട്ടിനോക്കി നിന്നു. കാക്കിയും ലാത്തിയും അധികാരവും ജനങ്ങൾക്ക് വേണ്ടി പ്രതികരിക്കുന്നവരുടെ മേൽ കുതിരകയറാനുള്ള ലെെസൻസല്ലെന്ന് കൊടിയുടെ നിറം നോക്കി അടിക്കാൻ ഇറങ്ങുന്ന പൊലീസ് ഏമാൻമാർ വിസ്മരിക്കരുതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ജനകീയ പ്രതിഷേധങ്ങളെ തല്ലിയൊതുക്കി നികുതിക്കൊള്ള നടത്തി സുഖിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. തെരുവിൽ നിങ്ങളെ നേരിടാൻ ‍യൂത്ത് കോൺഗ്രസിനൊപ്പം കോൺഗ്രസും സമരരംഗത്ത് ഇറങ്ങും. അധികാര ഭ്രമത്തിൽ ആക്രോശിക്കുന്ന പൊലീസ് ഗുണ്ടകൾക്കും ഡിവെെഎഫ്ഐ ക്രിമിനലുകൾക്കും തടയാൻ ധെെര്യമുണ്ടോയെന്ന് നോക്കട്ടെ. പാർട്ടി പൊലീസിൻറെ തിണ്ണമിടുക്ക് കൊണ്ട് നികുതിക്കൊള്ളയെ സാധൂകരിക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കിൽ ക്ലിഫ് ഹൗസിനുള്ള പതിയിരുന്ന് ഭരണക്രമം നിർവഹിക്കാനെ കഴിയൂയെന്നും സുധാകരൻ പറഞ്ഞു.

Back to top button
error: