തിരുവനന്തപുരം: ഇസ്രയേലില്‍ മുങ്ങിയ കര്ഷകന് കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ ഇതുവരെയും കണ്ടെത്താനായില്ല. ഇയാള്‍ കരുതിക്കൂട്ടി മുങ്ങിയതാണോ എന്ന സംശയം ബലപ്പെട്ടു. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തില്‍ ഇസ്രയേലില്‍ ആധുനിക കൃഷി രീതി പഠിക്കാന്‍ പോയ മറ്റുള്ള കര്‍ഷകര്‍ ഇന്നലെ മടങ്ങിയെത്തിയിരുന്നു.
മടങ്ങിയെത്തിയ കര്‍ഷകരുടെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത് ബിജു കൃത്യമായ ആസൂത്രണത്തോടെയാണ് മുങ്ങിയതെന്നാണ്. യാത്ര തുടങ്ങും മുന്‍പ് 50,000 രൂപ ബിജു ഇസ്രയേല്‍ കറന്‍സിയാക്കി മാറ്റി കൈയില്‍ സൂക്ഷിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. ഇസ്രയേലില്‍ തുടരാന്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നതിന്റെ ഭാഗമാണോ ഇതെന്ന് സംശയമുണ്ട്. ഇയാളുടെ ചില സുഹൃത്തുക്കളും ബന്ധുക്കളും ഇസ്രയേലില്‍ ഉണ്ടെന്നാണ് വിവരം. ഇവരുമായി ബിജു ആശയവിനിമയം നടത്തി.
കണ്ണ് പതിഞ്ഞത് പണിക്കൂലിയില്‍
കേരളത്തില്‍ നിന്നും എത്തിയ കര്‍ഷകര്‍ ഇസ്രയേല്‍ കൃഷി രീതികളെ കുറിച്ച് പഠിക്കുമ്പോള്‍ ബിജു ശ്രദ്ധിച്ചത് അവിടത്തെ പണിക്കൂലിയെ കുറിച്ചായിരുന്നു. ഈ വിവരങ്ങള്‍ മറ്റു കര്‍ഷകരുമായി ബിജു പങ്കുവയ്ക്കുകയും ചെയ്തു. ഇവിടെ ശുചീകരണ ജോലി ചെയ്താല്‍ ദിവസം 15,000 രൂപ ലഭിക്കുമെന്ന് മനസിലാക്കിയ ബിജു അതിനെ കുറിച്ച് ആവേശത്തോടെ സംസാരിച്ചിരുന്നു. കൃഷിപ്പണിക്ക് ഇതിന്റെ ഇരട്ടിയോളം കിട്ടുമെന്നാണ് ഇയാള്‍ പറഞ്ഞത്.
മേയ് ഏഴ് വരെയാണ് ബിജുവിന് വിസ കാലാവധിയുള്ളത്. യാത്ര തുടങ്ങിയതുമുതല്‍ ബിജു ആരോടും സഹകരിക്കാതെ ഒതുങ്ങി നടക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന കര്‍ഷകര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം തയ്യാറാക്കിയിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പോകാന്‍ ഇറങ്ങിയെങ്കിലും ഇയാള്‍ കൂടെ ഉണ്ടായിരുന്നില്ലെന്ന് സംഘത്തിലുണ്ടായിരുന്ന ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി സുജിത് പറഞ്ഞു.
രാത്രി ഭക്ഷണം ചിലര്‍ ഒഴിവാക്കിയിരുന്നതിനാല്‍ സംശയം തോന്നിയില്ല. ഭക്ഷണശേഷം തിരികെ എത്തുമ്പോള്‍ ബിജുവിനെ കാണാനില്ലായിരുന്നു. ഇയാളുടെ ഒരു ബാഗും ഉണ്ടായിരുന്നില്ല. വസ്ത്രങ്ങള്‍ അടങ്ങുന്ന മറ്റൊരു ബാഗ് ഉണ്ടായിരുന്നു. അടുത്തദിവസം എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാണാതായതോടെ പരാതി നല്‍കുകയായിരുന്നു.