എറണാകുളം: ലൈഫ് മിഷൻ അഴിമതിക്കേസിൽ നാലുദിവസത്തേക്കുകൂടി എം ശിവശങ്കറെ എൻഫോഴ്സ്മെൻറ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ശിവശങ്കറിൻറെ പങ്കാളിത്തത്തിന് ഏറെ വ്യാപ്തിയുണ്ടെന്നും ഇത് പുറത്തുകൊണ്ടുവരുന്നതിന് തുടർ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും ഇഡി അറിയിച്ചു. ഇതംഗീകരിച്ചാണ് ഇ ഡി കേസ് പരിഗണിക്കുന്ന കൊച്ചിയിലെ സിബിഐ കോടതി ഈ മാസം 24 വരെ കസ്റ്റഡി കാലാവധി നീട്ടിയത്. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്.
ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി വീണ്ടും വിളിച്ചുവരുത്തും.ശിവശങ്കറിൻറെയും സ്വപ്നയുടെയും വാട്സ് ആപ്പ് ചാറ്റുകളിലെ പരാമർശങ്ങളിൽ വ്യക്തത തേടും.അതേ സമയം ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കിയാണ് യുവി ജോസ് മൊഴി നൽകിയതെന്നാണ് സൂചന.സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയതും സഹായം ചെയ്യാൻ ആവശ്യപ്പെട്ടതും ശിവശങ്കറെന്ന് ജോസ് മൊഴി നൽകിയെന്നാണ് വിവരം.