IndiaNEWS

രാജ്യം അപകടത്തിലാകുമ്പോള്‍ പാര്‍ട്ടിക്ക് അതീതമായി പ്രവര്‍ത്തിക്കണം; തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് കമല്‍ ഹാസന്‍

ചെന്നൈ: തമിഴ്നാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ പാര്‍ട്ടിക്കും ചിഹ്നത്തിനും അതീതമായി രാജ്യത്തെ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കണമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇ.വി.കെ.എസ് ഇളങ്കോവന് വോട്ടഭ്യർത്ഥിച്ചുള്ള തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

മറ്റ് പാര്‍ട്ടികള്‍ക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ താന്‍ പോയിട്ടില്ലെന്നും ജനാധിപത്യത്തെ അടിച്ചമര്‍ത്തി സ്വേച്ഛാധിപത്യം ഉടലെടുക്കുമ്പോള്‍ പാര്‍ട്ടിക്കതീതമായി പ്രവര്‍ത്തിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇളങ്കോവനെ പോലെ താനും പെരിയാറിന്റെ കൊച്ചുമകനാണെന്നും കുട്ടിക്കാലം മുതല്‍ക്കേ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ടാണ് താന്‍ വളര്‍ന്നതെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

Signature-ad

2013ല്‍ വിശ്വരൂപം എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ അമ്മൈയാറില്‍ (ജയലളിത) നിന്നും ധാരാളം പ്രയാസങ്ങള്‍ നേരിട്ടിരുന്നു. അന്ന് ഡി.എം.കെ നേതാവ് കരുണാനിധിയും എം.കെ. സ്റ്റാലിനും വിളിച്ച് സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. വേണ്ട എന്നായിരുന്നു അവര്‍ക്ക് നല്‍കിയ മറുപടി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യത്തിലെത്താന്‍ ഞാന്‍ താതപര്യപ്പെട്ടിരുന്നില്ല,’ അദ്ദേഹം പറഞ്ഞു. ഈറോഡില്‍ വോട്ട് ചോദിച്ചെത്തിയത് രാജ്യം മതനിരപേക്ഷമായി തുടരണം എന്ന ആഗ്രഹം കൊണ്ടാണെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി.

‘ഞാന്‍ ഇന്ന് ഇവിടെയെത്തിയത് രാജ്യം മതനിരപേക്ഷമായി തുടരണം എന്ന ആഗ്രഹം കൊണ്ടാണ്. ജനങ്ങളുടെ ക്ഷേമത്തിന്റെ കാര്യം വരുമ്പോള്‍ ചിലപ്പോള്‍ എല്ലാ ആദര്‍ശങ്ങളേയും മാറ്റി വെച്ച് ശരിയെന്താണോ അതിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടി വരും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ രാഷ്ട്രീയത്തിലെത്തിയത് ലാഭമുണ്ടാക്കാനല്ലെന്നും ഒരു പൗരനെന്ന നിലയില്‍ ഏല്‍പ്പിക്കപ്പെട്ട ചുമതല നിറവേറ്റാന്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരം ജനങ്ങളുടെ കയ്യിലാണ്. അടിച്ചമര്‍ത്തല്‍ അനുഭവിച്ച് ജീവിക്കാനാകില്ലെന്ന് ദല്‍ഹിയിലെ ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചിലര്‍ മതത്തെ അടിസ്ഥാനമാക്കിയാണ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത്. ഇന്ത്യ ഒരു മതേതര രാജ്യമാണ്. അത് അങ്ങനെ തന്നെ തുടരുന്നു എന്ന് ഉറപ്പാക്കേണ്ടത് ഓരോ പൗരന്റേയും ഉത്തരവാദിത്തമാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ഈറോഡ് ഈസ്റ്റ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇ.വി.കെ.എസ് ഇളങ്കോവനാണ് മത്സരിക്കുന്നത്.

 

Back to top button
error: