BusinessTRENDING

നിക്ഷേപ പലിശനിരക്ക് വർദ്ധിപ്പിച്ച് എസ്ബിഐ

ദില്ലി: ആർബിഐയുടെ റിപ്പോ നിരക്ക് വർധനവിന് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തങ്ങളുടെ നിക്ഷേപ പലിശ നിരക്കുകളിൽ വർധന വരുത്തി. അഞ്ച് മുതൽ 25 വരെ ബേസിസ് പോയിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.

2 വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 25 ബേസിസ് പോയിന്റിന്റ വർധനവുണ്ട്. ഇത് പ്രകാരം നിക്ഷേപകർക്ക് 7 ശതമാനം പലിശ ലഭിക്കും. 3 മുതൽ 10 വർഷ വരെയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശനിരക്കാണ് നൽകുന്നത്. 1 വർഷം മുതൽ 2 വർഷത്തിൽ താഴെ പദ്ധതി കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.80 ശതമാനം പലിശ ലഭിക്കും. ഈ നിക്ഷേപങ്ങൾക്ക് 5 ബേസിസ് പോയിന്റിന്റെ വർധനവാണുള്ളത്

Signature-ad

7.10 ശതമാനം പലിശനിരക്കിൽ 400 ദിവസത്തേക്കുള്ള പ്രത്യേക സ്‌കീമും എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനമാണ് പലിശ. മാർച്ച് 31 വരെയാണ് പദ്ധതിയിൽ ചേരാനുള്ള കാലാധി

മുതിർന്ന പൗരൻമാർക്കുള്ള നേട്ടങ്ങൾ

എസ്ബിഐ പലിശ നിരക്കിൽ മാറ്റം വരുത്തിയത് കാരണം മുതിർന്ന പൗരൻമാർക്കാണ് ബമ്പറടിച്ചിരിക്കുന്നത്. 1 വർഷത്തിന് മുകളിലുള്ള എല്ലാ നിക്ഷേപങ്ങൾക്കും പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഫെബ്രുവരി 15 മുതൽ മുതിർന്ന പൗരൻമാർക്കുള്ള 2 വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7.25 ശതമാനത്തിൽ നിന്ന് 7.50 ശതമാനമായി പലിശനിരക്കുയർത്തി. 3 മുതൽ 5 വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനവും, 5 വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.50 ശതമാനമായും പലിശനിരക്ക് വർധിപ്പിച്ചിട്ടുണ്ട്.

രണ്ട് കോടിരൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങൾക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്കുയർത്തിയിരിക്കുന്നത്. 1 വർഷത്തിൽ താഴയുള്ള നിക്ഷേപങ്ങളുടെ നിരക്കിൽ മാറ്റമില്ലാതെ തുടരും. കഴിഞ്ഞയാഴ്ച റിസർവ് ബാങ്ക് തങ്ങളുടെ ധനനയ അവലോകന യോഗത്തിൽ, റിപ്പോ നിരക്കുകളിൽ 25 ബേസിസ് പോയിന്റിന്റെ വർധനവ് വരുത്തിയിരുന്നു. 2022 മെയ് മുതൽ ആകെ 250 ബേസിസ് പോയിന്റുകളാണ് ആർബിഐ വർധിപ്പിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തെ നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെയാണിത്.

Back to top button
error: