KeralaNEWS

“സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് ശിവശങ്കർ”; ലൈഫ് മിഷൻ കോഴ ഇടപാടിൽ എം ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കി യു.വി. ജോസിന്റെ മൊഴി

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിൽ എം ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കി യു.വി. ജോസിന്റെ മൊഴി. കള്ളപ്പണ ഇടപാടോ ഗൂഢാലോചനയോ താൻ അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം മൊഴി നൽകി. സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും ജോസിന്റെ മൊഴിയിലുണ്ട്. അതേസമയം കോഴക്കേസിൽ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഇഡി ഇന്നും തുടരും. സ്വപ്നയുമായുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ തേടും. യു വി ജോസിന്‍റെയും ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും മൊഴികളുടെ വിശദമായ പരിശോധന തുടരുന്നു.

ലൈഫ് മിഷൻ കോഴയിടപാടിൽ താൻ ഒന്നും അറിഞ്ഞിട്ടേയില്ലെന്ന് എം ശിവശങ്കർ ആവർത്തിക്കുന്നതിനിടെയാണ് യുവി ജോസിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയത്. കസ്റ്റഡിയിലുളള ശിവശങ്കറിനെയും യുവി ജോസിനെയും ഒരുമിച്ചുരുത്തി വ്യക്തതവരുത്താനായിരുന്നു ഈ നീക്കം. ലൈഫ് മിഷൻ കരാറുകാരായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ യു വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്.

Signature-ad

മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ കരാർ യൂണിടാക്കിന് തന്നെ കിട്ടാൻ യുവി ജോസിനെ നിഷ്പ്രഭനാക്കി ശിവശങ്കർ ചരടുവലികൾ നടത്തിയെന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയിരിക്കുന്നത്. യുവി ജോസിനെ ശിവശങ്കർ മുഖാന്തിരം പരിചയപ്പെട്ടത് സംബന്ധിച്ച് സന്തോഷ് ഈപ്പനും മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ യുവി ജോസിൽ നിന്ന് വിവരങ്ങൾ തേടി ശിവശങ്കറെക്കൊണ്ട് വരും ദിവസങ്ങളിൽ കാര്യങ്ങൾ പറയിപ്പിക്കാനാണ് ശ്രമം.

ഇതിനിടെ 2019 സെപ്റ്റംബർ ഏഴിന് സ്വപ്ന സുരേഷുമായി ശിവശങ്കർ നടത്തിയ വാട്സ് ആപ് ചാറ്റാണ് ഇന്നലെ പുറത്തുവന്നത്. യുഎഇയിലെ ഫണ്ടിങ് ഏജൻസിയായ റെഡ് ക്രസിന്‍റിനെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരാൻ എന്തൊക്കെ ചെയ്യണമെന്ന് ശിവശങ്ക‍ർ സ്വപ്നയോട് നി‍ർദേശിക്കുന്നതിന്റെ വിവരങ്ങൾ ഇതിലുണ്ട്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കേണ്ട കത്തിന്‍റെ മാതൃകയും ശിവശങ്ക‍ർ നൽകി.

രവീന്ദ്രനോട് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്താമെന്നും സംഭാഷണത്തിലുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന് ഇക്കാര്യങ്ങൾ മുൻകൂട്ടി അറിയാമായിരുന്നു എന്നാണ് ഇഡി സംശയിക്കുന്നത്. ശിവശങ്കറിന്‍റെ ഈ ഇടപെടലുകൾ അഴിമതി നടത്തുകയെന്ന ഉദ്ദേശത്തോട് കൂടിയായിരുന്ന എന്ന നിഗമനത്തിലാണ് കേന്ദ്ര ഏജൻസി. കോഴപ്പണം കണ്ടെത്തിയ ലോക്കർ ശിവശങ്കർ പറഞ്ഞിട്ടാണ് തുറന്നതെന്നും എല്ലാം ശിവശങ്കറിന്‍റെ അറിവോടെയായിരുന്നെന്നും ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ട്.

Back to top button
error: