കൊച്ചി: കൊച്ചി പഴയ കൊച്ചിയല്ലെന്ന സിനിമാ ഡയലോഗ് ഇതാ യാഥാർത്യമായി, രാജ്യത്തെ പത്തു അതീവ സുരക്ഷാ മേഖലകളില്‍ കൊച്ചിയും ഉൾപ്പെട്ടു. ഇതോടെ അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോ എടുക്കുന്നതിനുൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ വരും. കൊച്ചിയില്‍ കുണ്ടന്നൂര്‍ മുതല്‍ എം ജി റോഡ് വരെയുള്ള പ്രദേശത്തെയാണ് കേന്ദ്രം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.
രാജ്യത്ത് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെയാണ് അതീവ സുരക്ഷാ മേഖലയായി കേന്ദ്രം കണക്കാക്കുന്നത്. കൊച്ചിയില്‍ നേവല്‍ബേസും കൊച്ചി കപ്പല്‍ശാലയും പ്രവര്‍ത്തിക്കുന്ന പ്രദേശത്തെയാണ് അതീവ സുരക്ഷാ മേഖലയായി കേന്ദ്രം പ്രഖ്യാപിച്ചത്. ഇതിന് പുറമേ മധ്യപ്രദേശ്, രാജസ്ഥാന്, ബിഹാര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും തെലങ്കാന, ഛത്തീസ്ഗഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ ഒരെണ്ണം വീതവും അതീവ സുരക്ഷാ മേഖലയായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.