മമ്മൂട്ടി, കെ.മധു, എസ്.എൻ സ്വാമി ടീം അണിയിച്ചൊരുക്കിയ മലയാളത്തിലെ ജയിംസ് ബോണ്ട് ചിത്രം ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 35 വർഷം
സിനിമ ഓർമ്മ
മലയാളത്തിലെ ജയിംസ് ബോണ്ട് സിനിമ, ഏറ്റവും കൂടുതൽ ഭാഗങ്ങളിറങ്ങിയ ചിത്രം എന്നീ ഖ്യാതികളാൽ പ്രശസ്‌തമായ സി.ബി.ഐ സീരീസിലെ ആദ്യ ചിത്രം, ‘ഒരു സിബിഐ ഡയറിക്കുറിപ്പി’ന് ഇന്ന് 35 വർഷം തികയുന്നു. 1988 ഫെബ്രുവരി 18നായിരുന്നു സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം മണി നിർമ്മിച്ച് കെ മധു സംവിധാനം ചെയ്‌ത ഈ ബ്ലോക്ക്ബസ്റ്റർ ചിത്രം റിലീസിനെത്തിയത്. രചന എസ് എൻ സ്വാമി. ഇതേ ടീമിന്റെ ‘ഇരുപതാം നൂറ്റാണ്ട്’ എന്ന മെഗാ ഹിറ്റിന് ശേഷം സ്വാമി എഴുതിയ ‘സിബിഐ’, യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കിയായിരുന്നു.
മമ്മൂട്ടിയുടെ സീനിയർ ആയി മഹാരാജാസിൽ പഠിച്ച രാധാവിനോദ് രാജു എന്ന മട്ടാഞ്ചേരിക്കാരൻ ഐപിഎസ് ഓഫീസറാണത്രേ ‘സിബിഐ ഡയറിക്കുറിപ്പി’ലെ സേതുരാമയ്യർക്ക് മാതൃക. 1983-89 കാലത്ത്, സിബിഐ ഓഫീസറായിരുന്ന അദ്ദേഹം അന്വേഷിച്ച പോളക്കുളം കേസാണ് സിനിമയുടെ പ്രചോദനം. സിനിമയിലെ സിബിഐ ഓഫീസർ അലി ഇമ്രാൻ എന്നൊരു കർക്കശക്കാരൻ മുസ്‌ലിം കഥാപാത്രമായി ആയിരുന്നു എസ് എൻ സ്വാമി വിഭാവനം ചെയ്‌തത്. മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരമാണ് അലി ഇമ്രാൻ സേതുരാമയ്യർ ആയത്.
ആത്മഹത്യയാണെന്ന് കരുതിയ കേസ്, രക്ത ഗ്രൂപ്പ് അടിസ്ഥാനമാക്കി കൊലപാതകമാണെന്ന് തെളിയിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. മലയാളികളും മലയാള സിനിമയും മുൻപ് കേട്ട് പരിചയമുള്ള, വേഷപ്രച്ഛന്നനായി നടന്ന് പ്രതിയെ പിടിക്കുന്ന സിബിഐ ഓഫീസറല്ല സേതുരാമയ്യർ. ബുദ്ധി, പ്രവൃത്തിയെ മറി കടക്കുന്ന രീതിയായിരുന്നു അയ്യർക്ക്. കൊല ചെയ്‌തത് ആര് എന്ന പ്രധാന ചോദ്യം ഉയർത്തി മുന്നേറുന്ന കഥയിൽ കാണികൾക്ക് സംശയിക്കാൻ ഓരോരുത്തരെയായി പ്രതിഷ്ഠിച്ച് സൂചനകൾ തന്ന്, തീരെ സംശയിക്കാത്ത ഒരു കഥാപാത്രം ഒടുവിൽ പ്രതിയാകുന്ന കഥനരീതിയായിരുന്നു സ്വാമിയുടേത്.
അന്നത്തെ കാലത്ത് ഏറ്റവും വലിയ കാശുവാരിപ്പടമായിരുന്ന ‘ന്യൂഡൽഹി’യെ ‘സിബിഐ’ മറി കടന്നു. മദ്രാസിലെ സഫയർ തിയറ്ററിൽ 300 ദിവസം ഓടി ചരിത്രം സൃഷ്‌ടിച്ചു. അക്കാലത്ത് തമിഴ്‌നാട്ടിൽ ഓടിയിരുന്ന മലയാളം സിനിമകൾ ഏറെയും ഇക്കിളിപ്പടങ്ങളായിരുന്നു.
ചിത്രത്തിൽ ഗാനങ്ങൾ ഇല്ലായിരുന്നു. പക്ഷെ സംഗീത സംവിധായകൻ ശ്യാം ചെയ്‌ത ‘തത്തത്ത തരത്താ’ ബിജിഎം ഏത് സിനിമാപ്പാട്ടിനോളം തന്നെ ഹിറ്റായി.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ