LIFEMovie

“നിങ്ങളുടെ ഉള്ളിൽ ജീവൻ വളരുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം” ഗര്‍ഭാവസ്ഥയിലെടുത്ത ചിത്രങ്ങള്‍ പങ്കുവച്ച് ഷംന കാസിം

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് ഷംന കാസിം. താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ഷംന കാസിം തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ ഷംന കാസിം ഗര്‍ഭാവസ്ഥയിലെടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. നിങ്ങളുടെ ഉള്ളിൽ ജീവൻ വളരുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം എന്നാണ് ഷംന കാസിം ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്.

Signature-ad

ദുബായിൽ വച്ചായിരുന്നു ഷംനയുടെ വിവാഹം. വെള്ളയും പച്ചയും ഓറഞ്ചും കലർന്ന പട്ട് സാരിയും കസവ് തട്ടവും സ്വർണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വിവാഹ വേഷം. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്. ‘മഞ്ഞു പോലൊരു പെൺകുട്ടി’ എന്ന ചിത്രത്തിലൂടെ 2004ൽ ആയിരുന്നു സിനിമാ അരങ്ങേറ്റം. ‘ശ്രീ മഹാലക്ഷ്‍മി’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. ‘മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട്’ എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി. പിന്നാലെ ‘അലി ഭായ്’, ‘കോളജ് കുമാരൻ’, ‘ചട്ടക്കാരി’, ‘ജന്നല്‍ ഓരം’ അടക്കം വിവിധ ഭാഷകളിലുള്ള സിനിമകളിലൂടെ ഷംന വെള്ളിത്തിരയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.

സിനിമയ്‍ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു ഷംന കാസിം. ‘ജോസഫ്’ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ ‘വിസിത്തിര’മാണ് ഷംനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആര്‍ കെ സുരേഷ് നായകനായപ്പോള്‍ ചിത്രം പത്മകുമാര്‍ തന്നെയായിരുന്നു സംവിധാനം ചെയ്‍തത്. ‘പടം പേസും’, ‘പിസാസ് 2’, ‘അമ്മായി’, ‘ദസറ’, ‘ബാക്ക് ഡോര്‍’, ‘വൃത്തം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ ഷംന കാസിമിന്റേതായി റിലീസിനൊരുങ്ങുന്നതും പ്രഖ്യപിക്കപ്പെട്ടവയായുമുണ്ട്.

Back to top button
error: