മുംബൈ: ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് പരിശോധന അവസാനിച്ചു. ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളില്‍ നിന്ന് ഐടി ഉദ്യോഗസ്ഥര്‍ മടങ്ങി. മൂന്ന് ദിവസമായി പരിശോധന നടന്നത് 59 മണിക്കൂറോളമാണ്. പരിശോധനയെക്കുറിച്ചുള്ള വാർത്താക്കുറിപ്പ് ആദായ നികുതി വകുപ്പ് ഇന്ന് പുറത്തിറക്കിയേക്കും.
രാത്രി എട്ടുമണിയോടെയാണ് ഉദ്യോഗസ്ഥർ മുംബൈയിലെ കലീനയിലുള്ള ബിബിസി സ്റ്റുഡിയോസിന്റെ ഓഫീസിൽ നിന്ന് മടങ്ങിയത്. അക്കൗണ്ട്സ് വിഭാഗത്തിന്റെ കംപ്യൂട്ടറുകളുടെ ഡിജിറ്റൽ പകർപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ചു. ജീവനക്കാരിൽ നിന്ന് നേരിട്ടും വിവരങ്ങൾ രേഖപ്പെടുത്തി. പരിശോധന നടക്കുന്നതിനാൽ മൂന്ന് ദിവസമായി ഭൂരിഭാഗം ജീവനക്കാരും വർക്ക് ഫ്രം ഹോം രീതിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്.