ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഔദ്യോഗിക പോളിങ് സമയം അവസാനിച്ചപ്പോള്‍ ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം 81.10 ശതമാനം ആളുകള്‍ വോട്ടുരേഖപ്പെടുത്തി. അവസാന കണക്ക് പുറത്ത് വരുന്നതോടെ പോളിംഗ് ശതമാനം ഇനിയും ഉയര്‍ന്നേക്കും. പല ബൂത്തുകൾക്കു മുൻപിലും രാവിലെ നീണ്ട നിര രൂപപ്പെട്ടിരുന്നു. അവസാന മണിക്കൂറുകളിലും ബൂത്തുകളിൽ വൻ നിരയാണ്. സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് പോളിങ് ശതമാനത്തില്‍ പ്രതിഫലിച്ചതെന്ന് സി.പി.എം- കോൺഗ്രസ് സഖ്യം അവകാശപ്പെടുന്നു. ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്ന് മുഖ്യമന്ത്രി മണിക് സാഹ, വോട്ടുചെയ്തശേഷം പ്രതികരിച്ചു.
2008ൽ 91.22, 2013ൽ 91.82, 2018ൽ 89.38 എന്നീ ശതമാനത്തിലായായിരുന്നു പോളിങ്.
നാൽപ്പത്തിയഞ്ചോളം സ്ഥലങ്ങളിൽ ഇ.വി.എം പ്രവർത്തനം തകരാറിലായി. യന്ത്രം മാറ്റി സ്ഥാപിച്ച് വോട്ടിങ് തുടരുകയായിരുന്നു.
തെരഞ്ഞെടുപ്പ് ദിനത്തില്‍ വ്യാപകമായ അക്രമങ്ങളും ക്രമക്കേടുകളും ത്രിപുരയില്‍ അരങ്ങേറിയതായി ആരോപണമുണ്ട്. വോട്ടിംഗ് സമയം ആരംഭിക്കുന്നതിന് മുമ്പേ തന്നെ ത്രിപുരയില്‍ ബിജെപി വ്യാപകമായ അക്രമം അഴിച്ചു വിട്ടിരുന്നു. സി.പി.എമ്മിന്റെ സിറ്റിങ്ങ് മണ്ഡലമായ ബിശാല്‍ഘട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ടിടത്തായി ബോംബാക്രമണം ഉണ്ടായി. സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയായിരുന്നു ബോംബ് ആക്രമണം. സൗത്ത് ത്രിപുരയിലെ ശാന്തിര് ബസാര്‍ ബൂത്തില്‍ ആളുകളെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന പരാതി വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ധന്‍പൂരിലെ പോളിംഗ് ബൂത്തുകളില്‍ നിന്ന് ഇടത് പോളിംഗ് ഏജന്റുമാരെ പുറത്താക്കുകയും അക്രമിക്കുകയും ചെയ്തു. ഗോമതി ജില്ലയിലെ ഉദയ്പൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക അക്രമമാണ് നടന്നത്.
ദന്‍പൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി പ്രവര്ത്തകന് പോളിങ് ഏജന്റിനെ ബലംപ്രയോഗിച്ച് പുറത്താക്കാന്‍ ശ്രമിച്ചതായി കോണ്‍ഗ്രസും ആരോപിച്ചു. വ്യാപകമായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അക്രമങ്ങള്‍ തടയണമെന്നും സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താന്‍ ജനങ്ങള്‍ക്ക് അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ഇടതു മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പരാതി നല്‍കിയിരുന്നു.
ശക്തമായ ത്രികോണമല്‍സരം നടക്കുന്ന ത്രിപുരയില്‍ ഭരണകക്ഷിയായ ബിജെപിയെ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്താണു നേരിടുന്നത്. പുതിയ ഗോത്ര പാര്‍ട്ടിയായ തിപ്ര മോത നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം പ്രവചനാതീതമാക്കുന്നു.