രാജ്ഭവനിൽ കെട്ടിക്കിടക്കുന്ന നിയമസഭ പാസ്സാക്കിയ ബില്ലുകളെപ്പറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് നൽകി. എന്നാൽ മുഖ്യമന്ത്രിയുടെ കത്തിന് ഗവര്‍ണര്‍ മറുപടി നല്‍കിയിട്ടില്ല. നിയമസഭ പാസാക്കി അയച്ച ശേഷം രാജ്ഭവനില്‍ തടഞ്ഞു വച്ചിരിക്കുന്ന എട്ടു ബില്ലുകളില്‍ ഒപ്പിടണം എന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്ത് നല്‍കിയത്. കത്ത് വായിച്ചിട്ട് ബില്ലുകളെല്ലാം രാജ്ഭവനില്‍ ഭദ്രമായി സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ച ശേഷം ഇന്നലെ വൈകിട്ട് ചെന്നൈയിലേക്ക് പോയ ഗവര്‍ണര്‍ 23നാണ് ഇനി തിരിച്ചെത്തുന്നത്.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള നിയമ ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നെങ്കിലും അങ്ങനെയൊരു നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടില്ല. ഈ ബില്ലില്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്‍, അടച്ചിട്ടിരിക്കുന്ന കശുവണ്ടി ഫാക്ടറികള്‍ സര്‍ക്കാരിന് ഏറ്റെടുക്കുന്നതിനായുള്ള കശുവണ്ടി ഫാക്ടറികള്‍ (വിലയ്‌ക്കെടുക്കല്‍) ഭേദഗതി ബില്‍ എന്നിവ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു.
ചാന്‍സലറെ നീക്കുന്ന ബില്ലിന് പുറമെ, 2021 നവംബറില്‍ പാസാക്കിയ സര്‍വകലാശാലാ നിയമഭേദഗതിക്കുള്ള രണ്ട് ബില്ലുകള്‍, 2022ല്‍ പാസാക്കിയ, വൈസ്ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം നീക്കി സെര്‍ച്ച് കമ്മിറ്റി അഞ്ച് അംഗങ്ങളുടേതാക്കി വിപുലീകരിക്കാനുള്ള ബില്‍, മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള സഹകരണ സംഘം ഭേദഗതി, ലോകായുക്ത ഉത്തരവുകള്‍ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി, പബ്ലിക് സര്‍വീസ് കമ്മിഷന്‍ (വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള സര്‍വ്വീസുകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) റദ്ദാക്കല്‍, സഹകരണസംഘങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് വോട്ട് ചെയ്യാനുള്ള ഭേദഗതി എന്നീ ‘ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിടാത്തത്.