LocalNEWS

താൽകാലികമായി പ്രവർത്തനം നിർത്തിവച്ച കോട്ടയം പാസ്‌പോർട്ട് സേവാ കേന്ദ്രം മറ്റൊരു കെട്ടിടത്തിൽ പ്രവർത്തിപ്പിക്കണം: തോമസ് ചാഴികാടൻ എംപി

ന്യൂഡൽഹി: ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി താൽകാലികമായി പ്രവർത്തനം നിർത്തിവച്ച കോട്ടയം പാസ്‌പോർട്ട് സേവാ കേന്ദ്രം അടിയന്തരമായി നഗരത്തിൽ തന്നെയുള്ള മറ്റൊരു കെട്ടിടത്തിൽ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ ചുമതലയുള്ള സെക്രട്ടറി, ചീഫ് പാസ്‌പോർട്ട് ഓഫീസർ ഓഫ് ഇന്ത്യ എന്നിവർക്ക് കത്തു നൽകി. ചീഫ് പാസ്‌പോർട്ട് ഓഫീസർ ഓഫ് ഇന്ത്യ ടി. ആംസ്‌ട്രോങ് ചാങ്സാനെ നേരിട്ട് സന്ദർശിച്ച് എംപി വിഷയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി.

പാസ്‌പോർട്ട് സേവാ കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടികാട്ടി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് 14നാണ് റിപ്പോർട്ട് നൽകിയതെന്ന് ചാങ്സാൻ പറഞ്ഞു. പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതാണ് നല്ലതെന്നും സി.പി.ഡബ്ല്യു.ഡി അധികാരികൾ നിർദേശിച്ചതിനാലാണ് കോട്ടയത്തെ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം താൽകാലികമായി നിർത്തിവച്ചത്. കോട്ടയത്തു നിന്നുള്ള അപേക്ഷകരോട് ആലപ്പുഴ, ആലുവ, തൃപ്പൂണിത്തറ എന്നീ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലേക്ക് പോകാനാണ് നിർദ്ദേശിച്ചിരിക്കുന്നത് എന്നും ചീഫ് പാസ്‌പോർട്ട് ഓഫീസർ എംപിയെ അറിയിച്ചു.

Signature-ad

പുതിയ കെട്ടിടം എത്രയും വേഗം കണ്ടുപിടിച്ച് അവിടെ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ചീഫ് പാസ്‌പോർട്ട് ഓഫീസർ എംപിയെ അറിയിച്ചു. ഇത് സംബന്ധിച്ച് എറണാകുളം റീജണൽ പാസ്‌പോർട്ട് ഓഫീസർ, പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് പങ്കാളികൾ ആയിട്ടുള്ള ടാറ്റാ കൺസൾട്ടൻസി സർവ്വീസിന്റെ അധികാരികൾ എന്നിവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംപി അറിയിച്ചു.

Back to top button
error: