KeralaNEWS

ലൈഫ് മിഷന്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയും സംശയത്തിന്റെ നിഴലിലെന്ന് കെ. സുരേന്ദ്രന്‍

തൃശൂര്‍: ലൈഫ് മിഷന്‍ കോഴക്കേസില്‍ എം. ശിവശങ്കരന്റെ അറസ്‌റ്റോടെ സംശയത്തിന്റെ മുന മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീങ്ങുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ലൈഫ് മിഷന്റെ ചെയര്‍മാന്‍ കൂടിയാണ് മുഖ്യമന്ത്രി. അദ്ദേഹം അറിയാതെ ഇങ്ങനെ ഒരു കൈക്കൂലി ഇടപാട് നടക്കില്ല. മുഖ്യമന്ത്രി വിദേശയാത്ര നടത്തിയതിന്റെ ഫലമായാണ് ഒരു സന്നദ്ധ സംഘടന വഴി 20 കോടി രൂപ കേരളത്തിലേക്ക് എത്തിയത്. അതില്‍ അഞ്ച് കോടിയാണ് കമ്മീഷനായി ചിലര്‍ വാങ്ങിയിരിക്കുന്നത്. പാവങ്ങളുടെ സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍ നിര്‍ധനരുടെ പണം തട്ടിപ്പറിക്കുകയാണ് -സുരേന്ദ്രന്‍ പറഞ്ഞു.

ഇ.ഡി. അന്വേഷണം തുടങ്ങിയപ്പോള്‍ അത് അട്ടിമറിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. വിജിലന്‍സിനെ ഉപയോഗിച്ച് ഫയല്‍ മുഴുവന്‍ കടത്തിക്കൊണ്ടുപോയി. സി.ബി.ഐ. അന്വേഷണത്തെ തടസപ്പെടുത്താന്‍ വലിയ വക്കീല്‍മാരെ നിയോഗിച്ച് സുപ്രീംകോടതിയില്‍ കേസിന് പോയതും സംശയാസ്പദമാണ്. അന്വേഷണ ഏജന്‍സിക്കെതിരേ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചതും അധികാര ദുര്‍വിനിയോഗമാണ്. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ശിവശങ്കരന്‍ അന്വേഷണത്തോട് സഹകരിക്കാത്തതും ആരെയോ സംരക്ഷിക്കാന്‍ വേണ്ടിയാണ്. ശിവശങ്കരന്‍ മുഖ്യമന്ത്രിയുടെ സന്തത സഹചാരിയാണ്. മുഖ്യമന്ത്രിക്ക് വേണ്ടി ഫയലുകളില്‍ ഒപ്പിടാനുളള സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കരന്‍. അങ്ങനെയുള്ള ശിവശങ്കരന്‍ മുഖ്യമന്ത്രി അറിയാതെ തട്ടിപ്പ് നടത്തില്ല.

Signature-ad

സ്വര്‍ണക്കടത്തിലും ശിവശങ്കരന് വ്യക്തമായ പങ്കുണ്ട്. വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയപ്പോള്‍ വിട്ടുകൊടുക്കാന്‍ വേണ്ടി അദ്ദേഹം വിളിച്ച കാര്യം ബി.ജെ.പിയാണ് അന്ന് ആദ്യം പറഞ്ഞത്. അന്ന് തങ്ങളെ പരിഹസിച്ചവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണം. ബി.ജെ.പി. ഉന്നയിച്ച കാര്യങ്ങള്‍ സത്യമാണെന്ന് അന്വേഷണ ഏജന്‍സികളും കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത്, ലൈഫ് മിഷന്‍ എന്നിവയിലെല്ലാം ശിവശങ്കരന്റെ പങ്ക് വ്യക്തമാണ്. അഴിമതിയുടെ പരമ്പരയാണ് നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വാധികാരിയായിരുന്ന ശിവശങ്കരന്‍ എങ്ങനെ കൈക്കൂലി വാങ്ങിയെന്ന കാര്യം പിണറായി ജനങ്ങളോട് തുറന്ന് പറയണം.

ഇനിയും കൂടുതല്‍ തട്ടിപ്പിന്റെ കഥകള്‍ പുറത്തുവരും. സുപ്രീംകോടതിയില്‍ തട്ടിപ്പുകാരന്‍ സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ കക്ഷി ചേര്‍ന്നതും തട്ടിപ്പില്‍ ഉന്നതര്‍ക്ക് പങ്കുള്ളത് കൊണ്ടാണ്. പിണറായി വിജയന് അധികാരത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ല. കേന്ദ്രത്തില്‍ നരേന്ദ്രമോദി ഭരിക്കുമ്പോള്‍ അഴിമതിക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഉപ്പ് തിന്നവര്‍ ആരായാലും വെളളം കുടിക്കും. മുഖ്യമന്ത്രിയും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രക്ഷപ്പടാമെന്ന വ്യാമോഹം വേണ്ട. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശിവശങ്കരന്റെ ജീവനും ഭീഷണിയുണ്ട്. ജയിലില്‍ കഴിയുന്ന ശിവശങ്കരന്റെ ജീവന്‍ കാക്കാന്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തണം. എന്തുംചെയ്യാന്‍ മടിയില്ലാത്തവരാണ് പുറത്തുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Back to top button
error: