അഗർത്തല: ത്രിപുരയിലെ നാളെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആത്മവിശ്വാസത്തോടെ ബി.ജെ.പി. വോട്ടണ്ണല്‍ ദിവസം ഉച്ചക്ക് 12 മണിക്ക് മുന്‍പുതന്നെ ഭൂരിപക്ഷം നേടുമെന്നും ത്രിപുരയിൽ തൂക്കുമന്ത്രിസഭ ഉണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കുക എന്ന അജണ്ടയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ബിജെപി ത്രിപുരയിൽ ജനവിധി തേടുന്നതെന്നും അമിത് ഷാ പറഞ്ഞു.
നാളെയാണ് ത്രിപുരയിലെ അറുപതംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. ബിജെപി 55 സീറ്റുകളിലും സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) ശേഷിക്കുന്ന അഞ്ച് സീറ്റുകളിലും മത്സരിക്കുന്നുണ്ട്. കോൺഗ്രസും സിപിഎമ്മും സംസ്ഥാനത്ത് ഒന്നിച്ചു പ്രവർത്തിക്കാൻ ധാരണയിലെത്തിയിരുന്നു. ഇത് ബിജെപിയെ ഒറ്റയ്ക്ക് തോൽപിക്കാൻ ആകാത്തതിനാലാണ് എന്നും അമിത് ഷാ പറഞ്ഞു.
“ത്രിപുരയിൽ ഞങ്ങളുടെ സീറ്റുകളും വോട്ട് വിഹിതവും വർദ്ധിപ്പിക്കും. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് അവർ തന്നെ അംഗീകരിച്ചു. സംസ്ഥാനത്ത് വലിയ ഭൂരിപക്ഷത്തോടെ ഞങ്ങൾ സർക്കാർ രൂപീകരിക്കും,” അമിത് ഷാ പറഞ്ഞു.
“നേരത്തെ ത്രിപുരയിൽ ഇടതുപക്ഷം അധികാരത്തിലിരുന്നപ്പോൾ സർക്കാർ ജീവനക്കാർക്ക് ശമ്പള കമ്മീഷൻ വ്യവസ്ഥകൾ പ്രകാരം വേതനം നൽകിയിരുന്നു. എന്നാൽ ഞങ്ങൾ ധനക്കമ്മി വർദ്ധിപ്പിക്കാതെ തന്നെ സംസ്ഥാനത്ത് ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കി. ത്രിപുരയിൽ ഞങ്ങൾ അക്രമം ഇല്ലാതാക്കുകയും അതിർത്തി കടന്നുള്ള മയക്കുമരുന്ന് വ്യാപാരത്തിനെതിരെ കർശന നടപടിയെടുക്കുകയും ചെയ്തു”, അമിത് ഷാ കൂട്ടിച്ചേർത്തു.