KeralaNEWS

ബജറ്റിലെ നികുതി വർധന നിർദേശങ്ങൾക്കെതിരേ യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന് തുടങ്ങും

തിരുവനന്തപുരം: ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം. ഇന്ന് വൈകുന്നേരം നാലുമണി മുതല്‍ നാളെ രാവിലെ പത്തുമണിവരെയാണ് സമരം. സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കോഴിക്കോട് നിര്‍വഹിക്കും.

സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും തൃശ്ശൂരില്‍ രമേശ് ചെന്നിത്തലയും മറ്റ് ജില്ലകളില്‍ വിവിധ നേതാക്കളും നേതൃത്വം നല്‍കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ഉള്ളതിനാല്‍ വയനാട് ജില്ലയിലേയും മുസ്ലീം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലേയും രാപ്പകല്‍ സമരം മറ്റൊരു ദിവസമായിരിക്കും. കണ്ണൂരിലേത് 16,17 തിയ്യതികളിലാണ് സംഘടിപ്പിക്കുക.

Signature-ad

അതേസമയം നികുതി ബഹിഷ്കരണ ആഹ്വാനത്തിൽ നിന്ന് കോൺഗ്രസ് പിന്നോട്ടുപോയി. സമര രീതിയെ കുറിച്ച് പാർട്ടിക്ക് അകത്ത് ആശയക്കുഴപ്പം ഉണ്ടെന്ന രീതിയിൽ കൂടുതൽ ചർച്ച വേണ്ടെന്നാണ് ധാരണ. നികുതി ബഹിഷ്കരണ ആഹ്വാനം എന്നത് തെറ്റായ സന്ദേശം നൽകുമെന്ന അഭിപ്രായമാണ് കെ.പി.സി.സി യോഗത്തിനെത്തിയ നേതാക്കൾക്കിടയിൽ ഉണ്ടായത്. അതിനാൽ അത് സംബന്ധിച്ച ചർച്ചകൾക്ക് പകരം നികുതി വർധനക്കും സെസ് കൂട്ടിയതിനുമെതിരെ ഇപ്പോൾ നടക്കുന്ന സമരം ശക്തിപ്പെടുത്തിയാൽ മതിയെന്ന പൊതു ധാരണയിലെത്തുകയായിരുന്നു.

Back to top button
error: