മലപ്പുറം: സംസ്ഥാന സബ് ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ല ചാമ്പ്യന്മാര്. ഫൈനലില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് എറണാകുളം തിരുവനന്തപുരത്തെ തോല്‍പ്പിച്ചത്. എറണാകുളത്തിനു വേണ്ടി ഫിലിഷിയറോസ് സാജന്, ആദിത്യ ബിജു, ദേവിക കൃഷ്ണന് എന്നിവരാണ് ഗോള്‍ നേടിയത്. ലൂസേഴ്സ് ഫൈനലില്‍ 3-2 ന് ആതിഥേയരായ മലപ്പുറത്തെ തോല്‍പ്പിച്ച് പാലക്കാട് മൂന്നാം സ്ഥാനം നേടി. വിജയികള്‍ക്ക് മലപ്പുറം മുനിസിപ്പല്‍ ചെയര്മാന് മുജീബ് കാടേരി സമ്മാനം വിതരണം ചെയ്തു.
മലപ്പുറം ജില്ലാ ഹോക്കി പ്രസിഡന്റ് പാലോളി അബ്ദുറഹിമാന് അധ്യക്ഷനായിരുന്നു. കേരള ഹോക്കി സെക്രട്ടറി പി. സോജി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.കെ. അബ്ദുല്‍ ഹക്കീം, മലപ്പുറം ഹോക്കി ഭാരവാഹികളായ നൗഷാദ് മാമ്പ്ര, പി. പ്രമോദ്, എം. ഉസ്മാന്, ഡോ. ഷറഫുദ്ദീന് പ്രസംഗിച്ചു.
മികച്ച ഗോള്‍ കീപ്പറായി പാലക്കാട് ജില്ലയിലെ ഫിദ ഫാത്തിമയേയും മികച്ച കളിക്കാരിയായി എറണാകുളം ജില്ലയിലെ എയ്ഞ്ചല്‍ എല്‍ദോയെയും മികച്ച ഭാവി താരമായി മലപ്പുറം ജില്ലയിലെ പി. അതുല്യയെയും തെരഞ്ഞെടുത്തു.