LocalNEWS

 2 വര്‍ഷം മുമ്പ് മോഷണം പോയ പഞ്ചലോഹ വിഗ്രഹം കണ്ടെത്തി, ക്ഷേത്ര മുറ്റത്ത് ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് വിഗ്രഹം കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്

     മഞ്ചേശ്വരം: ശ്രീ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് മോഷണം പോയ പഞ്ചലോഹത്തില്‍ തീര്‍ത്ത വിഗ്രഹം ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. വ്യാഴാഴ്ച കുറേ കുട്ടികള്‍ മതിലിന് സമീപം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് കുറ്റിക്കാട്ടില്‍ വീണതായും തുടര്‍ന്ന് കുട്ടികളിലൊരാള്‍ പന്തെടുക്കാന്‍ പോയപ്പോഴാണ് കുറ്റിക്കാട്ടില്‍ വിഗ്രഹം കിടക്കുന്നത് കണ്ടതെന്നും അധികൃതര്‍ പറഞ്ഞു.

വിവരമറിഞ്ഞെത്തിയ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വിഗ്രഹം തിരികെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. 2020 ഓഗസ്റ്റ് 10 നാണ് ശ്രീകോവിലില്‍ നിന്ന് വിഗ്രഹം മോഷണം പോയത്. വെള്ളിയില്‍ നിര്‍മിച്ച രണ്ട് ജോഡി തൃക്കണ്ണ്, കലശപ്പാത്രം, തളിക, ഗ്ലാസ്, സ്പൂണ്‍ എന്നിവയും രുദ്രാക്ഷമാലയും മോഷണം പോയി. പൂജാരിയുടെ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് ശ്രീകോവിലിനുള്ളില്‍ കടന്നത്.

Signature-ad

ക്ഷേത്ര കമ്മിറ്റി മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയും പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തെങ്കിലും വിഗ്രഹം കണ്ടെത്താനായിരുന്നില്ല. വിഗ്രഹം മോഷണം പോയതിനാല്‍ പുതിയ വിഗ്രഹത്തിലാണ് പൂജ നടത്തിവവന്നിരുന്നത്. ക്ഷേത്രത്തില്‍ ഇപ്പോള്‍ വാര്‍ഷിക ഉത്സവം നടക്കുന്നതിനിടെയാണ് മോഷണം പോയ വിഗ്രഹം കണ്ടെത്തിയത്.

Back to top button
error: