IndiaNEWS

ഇനി അധികം അണിഞ്ഞൊരുങ്ങേണ്ട; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡ്രസ് കോഡുമായി ഹരിയാന സര്‍ക്കാര്‍

ചണ്ഡിഗഡ്: ആശുപത്രിയിൽ ജോലി സമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡ്രസ് കോഡുമായി ഹരിയാന സര്‍ക്കാര്‍. ആശുപത്രിയില്‍ വരുമ്പോള്‍ അധികം ആഭരണങ്ങള്‍ ധരിക്കരുതെന്നും ഭംഗിയുള്ള ഹെയര്‍സ്‌റ്റൈലുകള്‍ വേണ്ടെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. നഖം നീട്ടിവളര്‍ത്തുന്നതിനും മേക്കപ്പിടുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കിടയില്‍ അച്ചടക്കവും ഏകത്വവും സമത്വവും നിലനിര്‍ത്തുക എന്നതാണ് ഡ്രസ് കോഡ് നയത്തിന്റെ ലക്ഷ്യമെന്ന് ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് പറഞ്ഞു.

പുരുഷന്മാര്‍ മുടി കോളറിന്റെ നീളത്തില്‍ വളര്‍ത്തരുതെന്ന് നിര്‍ദേശമുണ്ട്. ഏതെങ്കിലും നിറത്തിലുള്ള ജീന്‍സ്, ഡെനിം സ്‌കര്‍ട്ട്, ഡെനിം വസ്ത്രങ്ങള്‍ എന്നിവ പ്രൊഫഷണല്‍ വസ്ത്രങ്ങളായി കണക്കാക്കില്ല. അവ ധരിച്ചുവരരുതെന്നും അനില്‍ വിജ് വ്യക്തമാക്കി. മുഴുവന്‍ സമയവും ഡ്രസ് കോഡ് നിര്‍ബന്ധമായും പാലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

ഡ്രസ് കോഡ് പാലിക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. അങ്ങനെയുള്ള ജീവനക്കാരനെ അന്നേ ദിവസം ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗാര്‍ഥികള്‍ അവരുടെ നെയിം ബാഡ്ജ് നിര്‍ബന്ധമായും ധരിച്ചിരിക്കണം. ഓരോ ജീവനക്കാരനും വൃത്തിയുള്ള വസ്ത്രം ധരിക്കണമെന്നും ശുചിത്വം പാലിക്കുകയും ചെയ്യണം.

നിങ്ങള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയാല്‍ അവിടുത്തെ എല്ലാ ജീവനക്കാര്‍ക്കും യൂണിഫോം ഉണ്ടായിരിക്കും. സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിയെയും ജീവനക്കാരനെയും തിരിച്ചറിയാന്‍ പ്രയാസമാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ഹരിയാന സിവില്‍ മെഡിക്കാല്‍ സര്‍വീസസ് അസോസിയേഷന്‍ വ്യക്തമാക്കി.

Back to top button
error: