KeralaNEWS

അഖിലേന്ത്യാ കിസാൻ സഭയുടെ കര്‍ഷക മഹാസംഗമം 23- ന് തിരുവനന്തപുരത്ത്: പ്രചാരണ ജാഥ 15, 16 തീയതികളിൽ ഇടുക്കിയിൽ

തിരുവനന്തപുരം: അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ ഈ മാസം 23ന് തിരുവനന്തപുരത്ത് കര്‍ഷക മഹാസംഗമം സംഘടിപ്പിക്കും. ഇതിനു മുന്നോടിയായി കര്‍ഷക രക്ഷായാത്ര തിരുവനന്തപുരത്തുനിന്നും കാസര്‍കോടുനിന്നും ആരംഭിച്ച് 17ന് തൃശൂരില്‍ സംഗമിക്കും. മൂന്ന് കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ട് കര്‍ഷകരുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കുക. കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, ബഫര്‍ സോണില്‍ നിന്നും ജനവാസമേഖലയെയും കൃഷിയിടങ്ങളെയും ഒഴിവാക്കുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവിലയും താങ്ങുവിലയും ഉറപ്പാക്കുക, കാര്‍ഷികോല്‍പന്നങ്ങള്‍ തറവില നിശ്ചയിച്ച് സര്‍ക്കാര്‍ സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഗമം.

10ന് തിരുവനന്തപുരത്തു നിന്നും ആരംഭിച്ച തെക്കന്‍ മേഖലാ യാത്ര 15, 16 തീയതികളില്‍ ഇടുക്കി ജില്ലയില്‍ പര്യടനം നടത്തും. 15ന് വൈകിട്ട് അഞ്ചിന് തൊടുപുഴയില്‍ എത്തുന്ന യാത്രയുടെ സ്വീകരണ സമ്മേളനം കിസാന്‍സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യും. 16ന് രാവിലെ ഒന്‍പതിന് കട്ടപ്പനയില്‍ നിന്നാരംഭിക്കുന്ന യാത്ര സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ ഉദ്ഘാടനം ചെയ്യും.

Signature-ad

അന്നേദിവസം 11ന് നെടുങ്കണ്ടം, 12ന് രാജാക്കാട്, ഒന്നിന് അടിമാലി എന്നീ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങും.

തെക്കന്‍മേഖല യാത്രയുടെ ക്യാപ്റ്റന്‍ കിസാന്‍സഭ സംസ്ഥാന സെക്രട്ടറി വിചാമുണ്ണിയും, വൈസ്‌ക്യാപ്റ്റന്‍ എ.പി. ജയിനുമാണ്. മാത്യു വര്‍ഗീസ് ഡയറക്ടറായിട്ടുളള യാത്രയില്‍ അഡ്വ. ജോയിക്കുട്ടി ജോസ്, ഇ.എം. ദാസപ്പന്‍, ആര്‍. ചന്ദ്രിക ടീച്ചര്‍ എന്നിവര്‍ ജാഥാംഗങ്ങളുമാണ്. 23ന് രാജ്ഭവനുമുന്നിലെ കര്‍ഷക മഹാസംഗമം കിസാന്‍സഭ ദേശീയ ജനറല്‍ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജാന്‍ ഉദ്ഘാടനം ചെയ്യും.

Back to top button
error: