സിഡ്‌നി: അമേരിക്കയ്ക്കും ബ്രിട്ടണും പിന്നാലെ ചൈനയ്ക്കെതിരേ നടപടിയുമായി ഓസ്ട്രേലിയയും. പ്രതിരോധമന്ത്രാലയത്തിന്റെ ഓഫീസുകളില്‍ നിന്നും ചൈനീസ് നിര്‍മിത ക്യാമറകള്‍ നീക്കം ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് വ്യക്തമാക്കി. ഈ ക്യാമറകള്‍ ചാരവൃത്തിക്കായി ഉപയോഗിക്കുന്നുണ്ടോയെന്ന ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
പ്രതിപക്ഷമായ ലിബറല്‍ പാര്‍ട്ടിയില്‍ നിന്നുള്ള സെനറ്റര്‍മാരാണ് ചൈനീസ് ക്യാമറകളില്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്കയുമായി രംഗത്തുവന്നത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 913 ചൈനീസ് നിര്‍മിത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി താന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് ലിബറല്‍ പാര്‍ട്ടി സെനറ്റര്‍ ജെയിംസ് പാറ്റേഴ്‌സണ്‍ പറഞ്ഞു.
‘ഈ കമ്പനികള്‍ക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ട്. മാത്രമല്ല, ചൈനയുടെ ദേശീയ ഇന്റലിജന്‍സ് നിയമങ്ങള്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. എല്ലാ ചൈനീസ് കമ്പനികളും വ്യക്തികളും ചൈനീസ് ഇന്റലിജന്‍സുമായി സഹകരിക്കണമെന്നാണ് ഈ നിയമത്തില്‍ പറയുന്നത്. ക്യാമറകളുടെ അപാകതകള്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മൂന്നാമതൊരാള്‍ക്ക് ഈ ക്യാമറകളുടെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുക്കാനും അവ അതുവരെ ശേഖരിച്ച ഓഡിയോയും വീഡിയോയും ഉപയോഗിക്കാനുമാകും, – പാറ്റേഴ്‌സണ്‍ പറഞ്ഞു.
പാറ്റേഴ്‌സന്റെ ഈ പ്രസ്താവനകളോട് മറുപടി പറയവേയാണ് ചൈനീസ് നിര്‍മിത കമ്പനികളുടെ ക്യാമറകള്‍ നീക്കം ചെയ്യുമെന്ന കാര്യം പ്രതിരോധ മന്ത്രി അറിയിച്ചത്. ‘സാഹചര്യങ്ങളുടെ ഗൗരവം പെരുപ്പിച്ച് കാണേണ്ടതില്ല. പക്ഷെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. പ്രതിരോധ വകുപ്പിന് കീഴില്‍ വരുന്ന എല്ലാ സര്‍വയലന്‍സ് ഉപകരണങ്ങളുടെയും കണക്കെടുക്കുന്നുണ്ട്. എവിടെയാണോ ഇപ്പറഞ്ഞ കമ്പനികളുടെ ക്യാമറകളുള്ളത് അവ ഉടന്‍ തന്നെ നീക്കം ചെയ്യും,’ മാര്‍ലെസ് പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ ഹിക്‌വിഷനും ദാഹുവയുമടക്കം നിരവധി ചൈനീസ് കമ്പനികളുടെ ടെലി കമ്മ്യൂണിക്കേഷന്‍സ്, വീഡിയോ സര്‍വയലന്‍സ് ഉപകരണങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. രാജ്യത്തിന്റെ ആശയവിനിമയ സംവിധാനങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണ് ഈ നടപടിയെന്നായിരുന്നു അമേരിക്ക അവകാശപ്പെട്ടിരുന്നത്. അതേ മാസം തന്നെ ബ്രിട്ടണും സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്നും ഹിക്‌വിഷന്റെ സെക്യൂരിറ്റി ക്യാമറകള്‍ നീക്കം ചെയ്തിരുന്നു.