CrimeNEWS

ഫോട്ടോ​ഗ്രാഫറെന്ന വ്യാജേന പലയിടത്തും കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപ്പന; യുവാവ് അറസ്റ്റിൽ

പാലക്കാട്: ഫോട്ടോഗ്രാഫർ എന്ന വ്യാജേന യാത്ര ചെയ്ത് മയക്കുമരുന്ന് വിൽപന നടത്തുന്ന യുവാവ് അറസ്റ്റിൽ. ആലുവ സ്വദേശി നിസാമുദ്ദീനാണ് വാളയാറിൽ എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 55 ഗ്രാം എംഡിഎംഎയും കണ്ടെത്തി. ആലുവയിലെ വിവിധ ഭാഗങ്ങളിൽ ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ കണ്ണിയാണ് നിസാമുദ്ദീനെന്ന് ഫോൺ രേഖകൾ തെളിയിക്കുന്നതായി എക്സൈസ് അറിയിച്ചു.

ഫോട്ടോയെടുക്കുന്നെന്ന വ്യാജേന പലയിടത്തും ചുറ്റി ലഹരി മരുന്ന് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തിൽ ബെംഗളൂരുവിൽനിന്ന് ആഡംബര ബസ് മാർഗം എത്തിച്ച എംഡിഎംഎയാണ് എക്സൈസ് പതിവ് വാഹന പരിശോധനയ്‌ക്കിടെ പിടികൂടിയത്. ദൂരയാത്ര ചെയ്യുന്നതായി തെളിയിക്കാൻ ബാഗിൽ നിറയെ വസ്ത്രവും വിലകൂടിയ സുഗന്ധദ്രവ്യങ്ങളും കരുതും. ജീൻസിന്റെ പോക്കറ്റിലാണ് ലഹരി ഒളിപ്പിച്ചിരുന്നത്.

Signature-ad

ഇയാളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന്, നിരവധി പതിവ് ഇടപാടുകാർക്ക് ലഹരി എത്തിച്ചിരുന്നതായി തെളിഞ്ഞു. നിസാമുദ്ദീന്റെ സുഹൃത്തുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്. ബിബിഎ ബിരുദമുള്ള നിസാമുദ്ദീന് ഒന്നര വർഷം മുൻപുവരെ വിദേശത്തെ സൂപ്പർ മാർക്കറ്റിലായിരുന്നു ജോലി. തുടർന്ന് നാട്ടിലെത്തിയ ശേഷം മയക്കുമരുന്ന് ഇടപാടിലേക്ക് കടക്കുകയായിരുന്നു.

Back to top button
error: