KeralaNEWS

ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്രത്തിനെതിര പ്രതിഷേധിക്കൂ; കോൺഗ്രസിന്റെ സെസ് പ്രതിഷേധത്തിന് മറുപടിയുമായി മന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെതിരെ നിരാഹാര സത്യഗ്രഹ സമരം നടത്തുന്ന കോൺഗ്രസിന് മറുപടിയുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വര്‍ധിപ്പിച്ച പെട്രോള്‍ ഡീസല്‍ നികുതികള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കുറക്കുകയാണ് ചെയ്തതെന്നു ബാലഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. സംസ്ഥാനങ്ങളുമായി പങ്കു വയ്‌ക്കേണ്ടതില്ലാത്ത സെസ്സും സര്‍ചാര്‍ജും അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയും പിരിക്കുന്ന കേന്ദ്രസര്‍ക്കാരാണ് പെട്രോള്‍ ഡീസല്‍ വിലവര്‍ധനയുടെ യഥാര്‍ത്ഥ കാരണക്കാരെന്നും അവര്‍ക്കെതിരെ പ്രതിഷേധിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന വില്‍പ്പന നികുതിയുടെ പരിധിയില്‍ വരുന്ന പെട്രോളില്‍ മാത്രം ലിറ്ററിന് 20 രൂപയോളം ആണ് കേന്ദ്രം അധിക നികുതിയായി സമാഹരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കേന്ദ്രം വര്‍ദ്ധിപ്പിച്ചപ്പോഴും വലിയ സമരങ്ങള്‍ ഒന്നും നടത്താതെ വഴിപാട് പ്രതിഷേധങ്ങള്‍ മാത്രം നടത്തിയ യു.ഡി.എഫ് സംസ്ഥാനം പാവങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാനായി രൂപീകരിക്കുന്ന ഫണ്ടിലേക്ക് രണ്ടു രൂപ പെട്രോള്‍ ഡീസല്‍ സെസ് ഏര്‍പ്പെടുത്തിയതിനെതിരെ സത്യാഗ്രഹമിരിക്കുകയാണ്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ യു.ഡി.എഫ് സമരം ചെയ്യേണ്ടത് കേന്ദ്ര ഗവണ്‍മെന്റിനെതിരെയാണ്. അതിനുള്ള ധൈര്യം കാണിക്കുകയാണ് യു.ഡി.എഫ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 13 തവണയാണ് പെട്രോളിന്റെ സംസ്ഥാന നികുതിയില്‍ വര്‍ദ്ധനവ് വരുത്തിയത്. 26.64 ശതമാനത്തില്‍ നിന്നും 31.8 ശതമാനം ആയി സംസ്ഥാന നികുതി വര്‍ദ്ധിപ്പിച്ചു. എന്നാല്‍ 2016 ല്‍ അധികാരത്തിലെത്തിയ എല്‍.ഡി.എഫ് ഗവണ്‍മെന്റ് പെട്രോളിന്റെ നികുതി വര്‍ദ്ധിപ്പിച്ചില്ല എന്ന് മാത്രമല്ല കുറയ്ക്കുകയാണുണ്ടായത്. 31.8 ശതമാനത്തില്‍ നിന്ന് 30.08 ശതമാനത്തിലേക്ക് നികുതി കുറച്ചു. ഡീസലിന്റെ സംസ്ഥാന നികുതിയാകട്ടെ യുഡിഎഫ് അഞ്ചു തവണയായി 22.4 ശതമാനത്തില്‍ നിന്ന് 24.52 ശതമാനത്തിലേക്ക് വര്‍ദ്ധിപ്പിച്ചു. അതും എല്‍ഡിഎഫ് ഗവണ്‍മെന്റ് 22.76 ശതമാനത്തിലേക്ക് കുറച്ചു.

പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമ്പോള്‍ ആനുപാതികമായി സംസ്ഥാന നികുതിയില്‍ ഉണ്ടാകുന്ന കുറവ് ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ വേണ്ടി സംസ്ഥാന നികുതി ശതമാനം വര്‍ദ്ധിപ്പിച്ചു കൊണ്ടേയിരുന്ന യു.ഡി.എഫ് ആണ് ഇപ്പോള്‍ സമരത്തിന് ഇറങ്ങുന്നത് എന്നോര്‍ക്കുന്നത് നല്ലതായിരിക്കും.

2018 ലെ പ്രളയത്തിന് മുന്‍പ് സ്വാഭാവികമായ നികുതി പരിഷ്‌കരണം എല്ലാ ബജറ്റുകളിലും ഉണ്ടാകുമായിരുന്നു. പ്രളയവും കോവിഡും വന്നതുകൊണ്ടാണ് നികുതി പരിഷ്‌കരിക്കുന്നതില്‍ നിന്ന് ഗവണ്‍മെന്റ് പിന്നീട് മാറിനിന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വര്‍ദ്ധിതമായ സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് അധിക വിഭവസമാഹരണം ആവശ്യം വരുന്നു. ആ സാഹചര്യത്തിലാണ് പെട്രോള്‍ ഡീസല്‍ സെസ്സായി രണ്ട് രൂപ സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസത്തെ പോസ്റ്റില്‍ പറഞ്ഞതുപോലെ സംസ്ഥാനങ്ങള്‍ക്കു മാത്രം നികുതി ഈടാക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളാണ് പെട്രോളും ഡീസലും. ജി.എസ്.ടിയുടെ പരിധിയില്‍ വരാത്തവ. അവിടെ കടന്നു കയറി സംസ്ഥാനങ്ങളുമായി പങ്കു വയ്‌ക്കേണ്ടതില്ലാത്ത സെസ്സും സര്‍ചാര്‍ജും അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയും പിരിക്കുന്ന കേന്ദ്രസര്‍ക്കാരാണ് പെട്രോള്‍ ഡീസല്‍ വിലവര്‍ധനയുടെ യഥാര്‍ത്ഥ കാരണക്കാര്‍.

സംസ്ഥാന വില്‍പ്പന നികുതിയുടെ പരിധിയില്‍ വരുന്ന പെട്രോളില്‍ മാത്രം ലിറ്ററിന് 20 രൂപയോളം ആണ് കേന്ദ്രം അധിക നികുതിയായി സമാഹരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കേന്ദ്രം തുടരെത്തുടരെ വര്‍ദ്ധിപ്പിച്ചപ്പോഴും വലിയ സമരങ്ങള്‍ ഒന്നും നടത്താതെ വഴിപാട് പ്രതിഷേധങ്ങള്‍ മാത്രം നടത്തിയ യു.ഡി.എഫ് ഇപ്പോള്‍, സംസ്ഥാനം പാവങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാനായി രൂപീകരിക്കുന്ന ഫണ്ടിലേക്ക് രണ്ടു രൂപ പെട്രോള്‍ ഡീസല്‍ സെസ് ഏര്‍പ്പെടുത്തിയതിനെതിരെ സത്യാഗ്രഹമിരിക്കുകയാണ്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ യു.ഡി.എഫ് സമരം ചെയ്യേണ്ടത് കേന്ദ്ര ഗവണ്‍മെന്റിനെതിരെയാണ്. അതിനുള്ള ധൈര്യം കാണിക്കുകയാണ് യു.ഡി.എഫ് ചെയ്യേണ്ടത്.

Back to top button
error: