IndiaNEWS

വാണി ജയറാമിന്റെ മരണ കാരണം തലയിലേറ്റ മുറിവെന്ന് പൊലീസ്

തിരുവനന്തപുരം: ഗായിക വാണി ജയറാമിന്റെ മരണത്തിലേക്ക് നയിച്ചത് വീഴ്ചിൽ തലയിലേറ്റ മുറിവെന്ന് പൊലീസ്. കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വീണ് മേശയിൽ തലയിടിക്കുകയായിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. മരണത്തിൽ മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി.

ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിൽ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2018-ൽ ഭർത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവർ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു.

Signature-ad

പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയിലെ തറയിൽ മരിച്ച നിലയിലാണ് വാണിയെ കണ്ടെത്തിയത്. രാജ്യത്തെമ്പാടുമുള്ള സംഗീത പ്രേമികൾ വളരെ വേദനയോടെയാണ് വാണി ജയറാമിന്റെ വിയോഗ വിവരമറിഞ്ഞത്. പലർക്കും വാണിയുടെ പെട്ടന്നുണ്ടായ മരണം ഉൾക്കൊള്ളാനായിട്ടില്ല. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയ വാണി, തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്.

Back to top button
error: