KeralaNEWS

ഹെൽത്ത് കാർഡ് വിതരണം കർക്കശമാക്കി; അപേക്ഷകരെ ഡോക്ടർ നേരിട്ടു പരിശോധിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിർദേശം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോക്ടർമാർ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വന്നത് വിവാദമായതിനു പിന്നാലെ ഹെൽത്ത് കാർഡ് നൽകാൻ കർശന മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ഭക്ഷണ സാധനങ്ങള്‍ തയാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം.

സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു മുന്‍പ് അപേക്ഷകരെ ഡോക്ടര്‍ നേരിട്ടു പരിശോധിക്കണം. ശാരീരിക പരിശോധന, കാഴ്ച പരിശോധന, ത്വക്ക്, നഖങ്ങള്‍ എന്നിവയുടെ പരിശോധനയും നടത്തണം. രക്ത പരിശോധന നടത്തണം. ടൈഫോയിഡും ഹൈപ്പറ്റൈറ്റിസ് (എ) ഉണ്ടോയെന്നും പരിശോധിക്കണം. ക്ഷയരോഗ ലക്ഷണം ഉണ്ടെങ്കില്‍ കഫം പരിശോധിക്കണം.

Signature-ad

ഡോക്ടര്‍ക്ക് ആവശ്യമെന്നു തോന്നുന്ന മറ്റു പരിശോധനയ്ക്കും നിര്‍ദേശിക്കാം. ഫലം നേരിട്ടു പരിശോധിച്ചു ബോധ്യപ്പെട്ടശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. ടൈഫോയിഡ് രോഗത്തിനെതിരെയുള്ള വാക്‌സിനേഷന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കണം. വിരശല്യത്തിനു മരുന്നു നല്‍കണമെന്നും ആരോഗ്യ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

Back to top button
error: