Movie

‘ചിത്രവർണ്ണ പുഷ്പജാലമൊരുക്കിവച്ച’ അനശ്വര ഗായികയ്ക്ക് മലയാളത്തിൻ്റെ ആദരം

മലയാളം, തമിഴ്, തെലുഗു, കന്നട, മറാത്തി, ഹിന്ദി എന്നിങ്ങനെ 19 ഭാഷകളിലായി എണ്ണമറ്റ ഗാനങ്ങൾ അനശ്വരമാക്കിയ വാണി ജയറാം ‘സ്വപ്ന’ത്തിലെ ‘സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധികമാണീ ഭൂമി…’ എന്ന പാട്ടിലൂടെയാണ് മലയാളത്തിലെത്തിയത്.

1973ൽ പുറത്തിറങ്ങിയ ചിത്രത്തിന് സംഗീതം പകർന്നത് സലിൽ ചൗധരി. ആ ഗാനം സൂപ്പർ ഹിറ്റായി. പിന്നീട് സലിൽ ചൗധരിയുടെ നെല്ല് എന്ന ചിത്രത്തിലൊഴികെ മറ്റെല്ലാം മലയാള ചിത്രത്തിലും വാണിയുടെ പാട്ടുകളുണ്ടായിരുന്നു.

Signature-ad

ചിത്രവർണ്ണ പുഷ്പജാലമൊരുക്കിവെച്ചൂ (അയലത്തെ സുന്ദരി), വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി (പിക്നിക്), നാടൻപാട്ടിലെ മൈന (രാഗം), തിരുവോണപ്പുലരിതൻ (തിരുവോണം), ആഷാഢമാസം ആത്മാവിൽ മോഹം (യുദ്ധഭൂമി), സീമന്തരേഖയിൽ ചന്ദനം ചാർത്തിയ (ആശീർവാദം), ഏതോ ജന്മകൽപനയിൽ (പാളങ്ങൾ), മനസ്സിൻ മടിയിലെ മാന്തളിരിൻ (മാനത്തെ വെള്ളിത്തേര്) തുടങ്ങി അനവധിയായ ഹിറ്റ് ഗാനങ്ങൾ പിറന്നു.

ശ്രീകുമാരൻ തമ്പി രചിച്ച പാട്ടുകളാണ് മലയാളത്തിൽ വാണി ജയറാം കൂടുതലും പാടിയത്. അന്ന് വയലാർ-ദേവരാജൻ-പി. സുശീല ടീം പോലെ, ശ്രീകുമാരൻ തമ്പി-എം.കെ അർജുനൻ-വാണി ജയറാം ടീമും മലയാള സിനിമയിൽ സജീവമായിരുന്നു.

ഒരിടവേളക്ക് ശേഷം 2014ൽ ‘1983’ എന്ന ചിത്രത്തിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ പി. ജയചന്ദ്രനൊപ്പം ‘ഓലഞ്ഞാലി കുരുവി…’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് വാണി ജയറാം മലയാളത്തിലേക്ക് മടങ്ങി വന്നത്.

പുലിമുരുകനിലെ ‘മാനത്തെ മാരിക്കുറുമ്പേ…’, ആക്ഷൻ ഹീറോ ബിജുവിലെ ‘പൂക്കൾ പനിനീർ പൂക്കൾ…’, ക്യാപ്റ്റനിലെ ‘പെയ്തലിഞ്ഞ നിമിഷം’ തുടങ്ങി അവസാന കാലത്തും വാണി ജയറാം പാടിയ നിരവധി പാട്ടുകൾ ആസ്വാദകർ ഏറ്റെടുത്തു.

എം കെ അർജ്ജുനന്റെ സംഗീത സംവിധാനത്തിലാണ് (77 പാട്ടുകൾ) വാണി ജയറാം മലയാളത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. തൊട്ടു പിന്നിൽ ശ്യാമിന് വേണ്ടി 75 പാട്ടുകൾ. കെ.ജെ ജോയ്, എ റ്റി ഉമ്മർ, എം.എസ് വിശ്വനാഥൻ, ശങ്കർ ഗണേഷ്, ജോൺസൺ എന്നിവർക്ക് വേണ്ടി യഥാക്രമം കൂടുതൽ പാട്ടുകൾ പാടി.
പൂവ്വച്ചൽ ഖാദറിർ,  ശ്രീകുമാരൻതമ്പി, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ബിച്ചു തിരുമല എന്നിവരുടെ എത്രയോ ഗാനങ്ങൾ വാണി ജയറാം അനശ്വരമാക്കി. 1979ലാണ് ഏറ്റവും കൂടുതൽ മലയാള ഗാനങ്ങൾ പാടിയത് ( 77 ഗാനങ്ങൾ). മലയാളത്തിൽ പാടിയ വർഷങ്ങളുടെ കണക്കെടുത്താൽ 1973 മുതൽ 2019 വരെ നീളും. 453 സിനിമകളിലായി 624 പാട്ടുകൾ. കൂടുതൽ പാടിയത് ശശികുമാർ സംവിധാനം ചെയ്‌ത സിനിമകളിലാണ്.
സിനിമേതര ഗാനങ്ങളിൽ ഓണപ്പാട്ടുകളും ഭക്തിഗാനങ്ങളുമായി നൂറിൽ താഴെ ഗാനങ്ങൾ. ക്രിസ്ത്യൻ ഭക്തിഗാനങ്ങളിൽ ഫാദർ ആബേൽ എഴുതി കെ.കെ ആന്റണി സംഗീതം കൊടുത്ത ‘സ്നേഹത്തിൻ മലരുകൾ തേടി’ എന്ന ഗാനം പ്രശസ്‌തം.

ഏറ്റവും നല്ല ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയ വാണി ജയറാമിന് റിപ്പബ്ളിക് ദിനത്തിൽ പത്മഭൂഷൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുരസ്കാരം സ്വീകരിക്കുന്നതിന് മുൻപേ ഗായിക സംഗീതലോകത്തോട് വിട പറയുകയായിരുന്നു.

ഈ ലേഖകൻ്റെ ഇഷ്ടമുളള വാണിജയറാം ഗാനങ്ങൾ.
1. പത്മതീർത്ഥക്കരയിൽ (ബാബുമോൻ).
2. കുങ്കുമപ്പൊട്ടിലൂറും (പാൽക്കടൽ).
3. സീമന്തരേഖയിൽ (ആശീർവാദം).
4. മഞ്ഞിൻ തേരേറി (എസ് ജാനകിയുമൊത്ത് – റൗഡി രാമു).
5. തിരയും തീരവും (അവൾ വിശ്വസ്‌തയായിരുന്നു).
6. നാദാപുരം പള്ളിയിലെ (തച്ചോളി അമ്പു).
7. ഒരു കിളിയേ (ഇരുമ്പഴികൾ).
8. ഒരു പ്രേമലേഖനം (തുറമുഖം).
9. മഞ്ഞപ്പട്ട് ഞൊറിഞ്ഞു (അമ്പലവിളക്ക്).
10. ഈ രാഗദീപം (ദീപം).

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: