എന്താണ് പാലാരിവട്ടം മേൽപ്പാലം അഴിമതി ?
കൊച്ചിയിൽ പാലാരിവട്ടത്ത് ദേശീയപാതയിൽ ഉള്ള നാലുവരി മേൽപ്പാലത്തിന്റെ നിർമ്മാണത്തിൽ നടന്ന അഴിമതിയാണ് പാലാരിവട്ടം മേൽപ്പാലം അഴിമതി.
കൊച്ചി നഗരത്തിലേക്കുള്ള ഗതാഗത തിരക്ക് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് മേൽപ്പാലം നിർമ്മിച്ചത് . യുഡിഎഫ് സർക്കാർ അധികാരത്തിൽ ഇരുന്ന കാലത്ത് 2014 സെപ്റ്റംബർ ഒന്നിനാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 2016 ഒക്ടോബർ 12ന് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം മേൽപ്പാലം ഉദ്ഘാടനം ചെയ്തു .
ഗതാഗതം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ തന്നെ പാലത്തിൽ കുഴികൾ കാണപ്പെട്ടു . പാലാരിവട്ടം സ്വദേശിയായ കെ.വി. ഗിരിജൻ ഇത് സംബന്ധിച്ച് മന്ത്രിക്ക് പരാതി നൽകി . പരാതിയെ തുടർന്ന് കാര്യങ്ങൾ പഠിക്കാൻ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനെ ചുമതലപ്പെടുത്തി. താത്കാലിക പ്രശ്ന പരിഹാരമായി സ്പാനിനു അടിയിലുള്ള ബൈയറിങ്ങിനു താത്കാലിക താങ്ങ് നൽകി. എന്നാൽ തൊട്ടടുത്ത വർഷം തന്നെ 2019 മേയ് 1-ന് രാത്രി മുതൽ പാലം ഒരു മാസത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചുപൂട്ടേണ്ടി വന്നു. മേൽപ്പാലനിർമ്മാണത്തിൽ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വർഷം കൊണ്ട് പാലത്തിന്റെ ബലക്ഷക്ഷയത്തിനു കാരണമെന്ന് കണ്ടെത്തി . പാലം തുറന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ പാലത്തിലെ റോഡിലെ ടാറിളകിയിരുന്നു. എക്സ്പാൻഷൻ ജോയിന്റുകളുടെയും പാലത്തെ താങ്ങി നിർത്തുന്ന ബെയറിംഗുകളുടെയും നിർമ്മാണത്തിലുണ്ടായ വീഴ്ചയാണ് പാലത്തെ ദുർബലമാക്കിയത്.
മദ്രാസ് ഐഐടി പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് പഠനം നടത്തുകയും ബലക്ഷയം ഉണ്ടായതിനു കാരണം പാലം നിർമ്മിക്കാനായി ഉണ്ടാക്കിയ കോൺക്രീറ്റ് മിശ്രിതം ഗുണനിലവാരം ഇല്ലാത്തതായിരുന്നു എന്നും കണ്ടെത്തി. ഇതിനെ തുടർന്ന് സർക്കാർ വിജിലൻസ് അന്വേഷണത്തിനു ഉത്തരവിട്ടു.
രണ്ടു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി രണ്ടര വര്ഷം കൊണ്ട് അടക്കേണ്ടി വന്ന പാലാരിവട്ടം പാലം പ്രത്യക്ഷ അഴിമതിയുടെ മൂർത്തീഭാവമാണ് .39 കോടി രൂപയാണ് പാലത്തിനു വേണ്ടി ചെലവഴിച്ചത് .ഒരു തരത്തിലുള്ള അറ്റകുറ്റപ്പണി കൊണ്ടും പാലത്തെ രക്ഷിക്കാൻ ആവില്ലെന്ന് ഇ ശ്രീധരൻ അടക്കമുള്ളവർ വിലയിരുത്തി .
മേൽപ്പാലം നിര്മ്മാണവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ നാല് പേരെയാണ് അറസ്റ്റ് ചെയ്തത് .പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് ,നിർമാണ കമ്പനി ആർ ഡി എസ് പ്രോജെക്ട്സ് എം ഡി സുമിത് ഗോയൽ ,കിറ്റ്‌കോ മുൻ എംഡി ബെന്നിപോൾ ,ആർ ബി ഡി സി കെ മുൻ അഡീഷണൽ മാനേജർ എം ടി തങ്കച്ചൻ എന്നിവരാണ് അറസ്റ്റിൽ ആയത് .
മേൽപ്പാലം ഇങ്ങിനെ ആയതിൽ നിർമാണവുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികൾക്കും ഉത്തരവാദിത്തം ഉണ്ടെന്നു വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു .പാലം നിർമാണം നടക്കുേമ്പാൾ പൊതുമരാമത്ത് സെക്രട്ടറിയായിരുന്നു സൂരജ്.കരാർ കമ്പനിയായ ആർ.ഡി.എസിന് മുൻകൂറായി 8.25 കോടി അനുവദിച്ചത് ഇബ്രാഹിംകുഞ്ഞിെൻറ അറിവോടെയാണെന്ന് സൂരജ് മൊഴി നൽകി .ഈ മൊഴിയാണ് ലീഗിലെ പ്രബലനായ ഇബ്രാഹിം കുഞ്ഞിനെ കുരുക്കിയത് .