CrimeNEWS

മണിമലയിലെ ലോഡ്ജിൽനിന്ന് എം.ഡി.എം.എയുമായി നാലു യുവാക്കൾ പിടിയിൽ

മണിമല: മണിമലയിലെ ലോഡ്ജിൽനിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ആർപ്പൂക്കര വില്ലുന്നി ഭാഗത്ത് പിഷാരത്ത് വീട്ടിൽ സൂര്യദത്ത് (21), ഇയാളുടെ സഹോദരനായ വിഷ്ണുദത്ത് (22), കോട്ടയം കൈപ്പുഴ ഇല്ലിച്ചിറയിൽ വീട്ടിൽ ഷൈൻ ഷാജി(23), കോട്ടയം കുമാരനെല്ലൂർ പേരൂക്കരപറമ്പിൽ വീട്ടിൽ കാർത്തികേയൻ (21) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. മണിമലയിൽ മയക്കുമരുന്നുമായി യുവാക്കൾ എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മണിമലയിലുള്ള ഒരു ലോഡ്ജിൽ നിന്നും യുവാക്കളെ എം.ഡി.എം.എയുമായി പിടികൂടുന്നത്.

മുറിയില്‍ നിന്നും പാന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി. എം.എ (0.45 ഗ്രാം)യാണ് പോലീസ് പിടികൂടിയത്. ഇതിലെ പ്രതികളായ വിഷ്ണുദത്ത്, സൂര്യദത്ത് എന്നിവരെ കാപ്പാ നിയമ പ്രകാരം ജില്ലയിൽ നിന്നും പുറത്താക്കിയിട്ടുള്ളവരാണ്. ഇത് ലംഘിച്ചു കൊണ്ടാണ് ഇവർ ഇപ്പോൾ ജില്ലയിൽ പ്രവേശിച്ചതും എം.ഡി.എം.എ യുമായി ഇവരെ പിടികൂടിയതും. പ്രതികൾ കാപ്പാ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനാൽ ഇവർക്കെതിരെ കാപ്പാ നിയമലംഘനത്തിനും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർ പോലീസിന്റെ പ്രത്യേക നിരീക്ഷണവലയത്തിൽ ആയിരുന്നു.

Signature-ad

പ്രതികളിൽ ഒരാളായ വിഷ്ണുദത്തിന് ഗാന്ധി നഗർ, പാമ്പാടി, കോട്ടയം വെസ്റ്റ്, ഇൻഫോപാർക്ക് എന്നീ സ്റ്റേഷനുകളിലും, സൂര്യദത്തിന് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, ഇൻഫോപാർക്ക് എന്നീ സ്റ്റേഷനുകളിലും, ഷൈൻ ഷാജിക്ക് ഗാന്ധി നഗർ, കടുത്തുരുത്തി, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിലും,കാർത്തികേയന് ഏറ്റുമാനൂർ സ്റ്റേഷനിൽ രണ്ട് കേസുകളും നിലവിലുണ്ട്. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി, മണിമല സ്റ്റേഷൻ എസ്.ഐ അനിൽകുമാർ, വിജയകുമാർ, സുഭാഷ്.ഡി, സി.പി.ഓ മാരായ ജിമ്മി, ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: