KeralaNEWS

കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; അളവിൽ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചതായി കണ്ടെത്തൽ

തൃശൂർ: കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടമുണ്ടായ സ്ഥലത്ത് അളവിൽ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചതായി ഡെപ്യൂട്ടി കളക്ടറുടെ കണ്ടെത്തൽ. 15 കിലോയുടെ ലൈസൻസാണ് അനുവദിച്ചത്. അതിൽ കൂടുതൽ സ്ഫോടക വസ്തുക്കൾ പ്രദേശത്ത് കണ്ടെത്തി. പുഴയോരത്തും കുറ്റിക്കാട്ടിലും ചാക്കിലുപേക്ഷിച്ച നിലയിലും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.  ജില്ലാ ഭരണ കൂടം നിയോഗിച്ച ഡെപ്യൂട്ടി കളക്ടർ യമുനാദേവി പ്രാഥമിക റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറി. അപകടം നടന്ന ഷെഡ് പ്രവര്‍ത്തിച്ചിരുന്നത് പുറമ്പോക്കിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മണികണ്ഠൻ ഇന്ന് രാവിലെ മരിച്ചിരുന്നു. കാവശ്ശേരി സ്വദേശി മണികണ്ഠനാണ് രാവിലെ ഏഴരയോടെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. തൊണ്ണൂറ് ശതമാനത്തിലേറെ പൊളളലേറ്റ മണികണ്ഠനെ രാത്രിയോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വെടിക്കെട്ട് പുരയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ഡെപ്യൂട്ടി കളക്ടർ യമുന ദേവി പറഞ്ഞു.

Signature-ad

അപകട കാരണമറിയാനും, നിയമലംഘനം ഉണ്ടായോയെന്ന് പരിശോധിക്കാനും ജില്ലാ കളക്ടർ നിയോഗിച്ച പ്രത്യേക സംഘം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. രാവിലെ 9 മണിയോടെയാണ് ഡെപ്യൂട്ടി കളക്ടർ യുമന ദേവിയുടെ നേതൃത്വത്തിലുള്ള റവന്യു സംഘം അപകട സ്ഥലത്ത് പരിശോധന നടത്തിയത്. പ്രദേശത്തെ നാശനഷ്ടങ്ങളും സംഘം വിലയിരുത്തി. പരിശോധനയിൽ സ്ഫോടനം നടന്ന സ്ഥലത്ത് അഞ്ചടി താഴ്ചയിൽ വൻ ഗർത്തം കണ്ടെത്തി. തൊട്ടടുത്തെ ജലാശയത്തിലേക്ക് വെടിമരുന്നുകൾ സൂക്ഷിച്ചിരുന്ന ഡ്രമ്മുകൾ ചിതറി തെറിച്ച് തെങ്ങുകളടക്കം മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. സമീപത്തെ അമ്പതിലേറെ മരങ്ങളാണ് സ്ഫോടനത്തില്‍ കത്തി നശിച്ചത്.

പ്രദേശത്തെ പതിനഞ്ചിലേറെ വീടുകളുടെ ജനലുകളും വാതിലുകളും സ്ഫോടത്തിൽ തകർന്നിരുന്നു. കേസിൽ ലൈസൻസി ശ്രീനിവാസനെയും സ്ഥലമുടമ സുന്ദരാക്ഷനെയും വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എക്സ്പ്ലോസീവ് ആക്ട്, മനപ്പൂർവമല്ലാത്ത നരഹത്യ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

Back to top button
error: