KeralaNEWS

ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദം ലങ്കൻ തീരത്തേക്ക്; ഇന്ന് മുതൽ കേരളത്തിൽ വീണ്ടും മഴയെന്ന് മുന്നറിയിപ്പ് 

കൊച്ചി: ഈ വര്‍ഷത്തെ ആദ്യത്തെ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്തു. ഇതിന്റെ സ്വാധീനത്തില്‍ ഇന്ന് മുതല്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കും ബുധനാഴ്ച മുതല്‍ പരക്കേ ശക്തിയേറിയ മഴയ്ക്കും സാധ്യത കല്‍പ്പിച്ച് കാലാവസ്ഥാ ഗവേഷകര്‍. ഏതാനും ദിവസം മുമ്പ് രൂപമെടുത്ത ചക്രവാതച്ചുഴിയാണ് ശക്തിപ്രാപിച്ച് ഇപ്പോള്‍ ന്യൂനമര്‍ദമായി മാറിയത്.

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയോട് ചേര്‍ന്നാണ് ന്ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. ഇത് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് രണ്ടു ദിവസത്തിനുള്ളില്‍ ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തിനു അടുത്തെത്തും. കാലവര്‍ഷം പിന്‍വാങ്ങിയതിനുശേഷമുണ്ടാകുന്നതും ഈ വര്‍ഷത്തെ ആദ്യത്തേതുമായ ന്യൂനമര്‍ദമാണിത്.

Signature-ad

ബംഗാള്‍ ഉള്‍ക്കടലില്‍ ആഗോള മഴപ്പാത്തിയായ എം.ജെ.ഒ. (മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍)യുടെ സാന്നിധ്യം ശക്തമായതുകൊണ്ട് ന്യൂനമര്‍ദം ശക്തമാകാനിടയുണ്ടെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ദക്ഷിണ-മധ്യകേരളത്തിലും തമിഴ്‌നാട്ടിലും മഴ ശക്തമാകാനിടയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരമേഖലകളില്‍ മേഖലകളില്‍ കടല്‍ക്ഷോഭമോ കാറ്റിനോ സാധ്യതയില്ലാത്തതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാല്‍, ന്യൂനമര്‍ദം രൂപംകൊണ്ടിട്ടുള്ള ബംഗാള്‍ ഉള്‍ക്കടലില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്‌വീശാനുള്ള സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: