ഷീല, ശാരദ, സോമൻ തുടങ്ങിയ വൻ താരനിരയുമായി വന്ന ‘പാൽക്കടൽ’ റിലീസ് ചെയ്തിട്ട് ഇന്ന് 47 വർഷം
സിനിമ ഓർമ്മ
സി രാധാകൃഷ്ണന്റെ രചനയിൽ ടി.കെ പ്രസാദ് സംവിധാനം ചെയ്ത ‘പാൽക്കടൽ’ റിലീസ് ചെയ്തിട്ട് 47 വർഷം. 1976 ജനുവരി 30 നായിരുന്നു ഷീല, ശാരദ, സോമൻ, മോഹൻ ശർമ്മ, രാഘവൻ തുടങ്ങിയവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിന്റെ റിലീസ്. ‘ജീവിതം ഒരു പാലാഴിമഥനമാണ്. മനസ്സെന്ന പാൽക്കടലിൽ നിന്ന് അമൃതും വിഷവും കിട്ടും’ എന്ന ‘സന്ദേശം’ ചിത്രത്തിന്റെ തുടക്കത്തിലേ ഉണ്ട്. ദുർമാർഗം എങ്ങനെ നന്മയെ കളങ്കപ്പെടുത്തുവെന്നും തെറ്റ് ഒടുവിൽ ശിക്ഷാർഹമാണെന്നും ചിത്രം പറയുന്നു.
സഹോദരിയുടെ കൂട്ടുകാരിയെ ബലാൽക്കാരം ചെയ്യുന്ന സമ്പന്ന യുവാവായി സോമൻ വേഷമിടുന്നു. അച്ഛന്റെ കമ്പനിയിൽ സാമ്പത്തിക തിരിമറി നടത്തിയ വില്ലനും കൂടിയാണ് ആ കഥാപാത്രം. മകന്റെ കുറ്റങ്ങൾ കണ്ടുപിടിച്ച് അവനെ പടിക്ക് പുറത്താക്കുന്ന അച്ഛനെ മകൻ കൊലപ്പെടുത്തുന്നു. കുറ്റം മറ്റൊരാളുടെ മേൽ കെട്ടി വയ്ക്കുന്നു. പക്ഷെ എല്ലാത്തിനും സാക്ഷിയായ സഹോദരി സത്യം പറയുന്നതോടെ യഥാർത്ഥ കുറ്റവാളി പോലീസ് പിടിയിലാവുന്നു.
ബലാൽക്കാരത്തിന് ഇരയായ സ്ത്രീക്ക് എന്ത് സംഭവിച്ചു…? സിനിമ അവസാനിക്കുന്നത് ഇങ്ങനെയാണ്: ബലാൽക്കാരം ചെയ്യപ്പെട്ടവളോട് കാമുകൻ പറയുന്നു. ‘നീ മറ്റൊരുവന്റെ കുഞ്ഞിന്റെ അമ്മയാണെങ്കിൽ പോലും ഞാൻ നിന്നെ എന്റേതായി സ്വീകരിക്കും.’
ശ്രീകുമാരൻ തമ്പി-എ.ടി ഉമ്മർ ടീമിന്റെ ഗാനങ്ങളിൽ ‘കുങ്കുമപ്പൊട്ടിലൂറും കവിതേ’, ‘പകൽക്കിനാവിൻ സുന്ദരമാകും’ ഇവ ഹിറ്റായി.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ