Movie

ധോണി എന്റര്‍ടെയ്‌ന്മെന്റ്‌സിൻ്റെ ‘ലെറ്റ്‌സ് ഗെറ്റ് മാരീഡ്’ വരുന്നു: ഒപ്പം ‘തഗ്സ്’, ‘ഇരട്ട’, ‘മഹേഷും മാരുതിയും’, ‘റാണി’, ‘പത്ത് തല’

എം.എസ് ധോണിയുടെ ധോണി എന്റര്‍ടെയ്‌ന്മെന്റ്‌സ് നിര്‍മിക്കുന്ന ആദ്യ സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു. ‘ലെറ്റ്‌സ് ഗെറ്റ് മാരീഡ്’ എന്നാണ് തമിഴിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ പേര്. ഹരീഷ് കല്യാണ്‍, അലീന ഷാജി എന്നിവര്‍ ഒന്നിക്കുന്ന ചിത്രം രമേഷ് തമില്‍മണി സംവിധാനം ചെയ്യും. യോഗി ബാബു, നദിയ മൊയ്തു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് പ്രൊഡക്ഷന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. അതേസമയം ധോണി നായകനാകുന്ന ഗ്രാഫിക് നോവല്‍ ഒരുങ്ങുകയാണ്. ‘അഥര്‍വ’ എന്ന നോവലിന്റെ മോഷന്‍ പോസ്റ്റര്‍ ധോണി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഗ്രാഫിക് നോവലില്‍ സൂപ്പര്‍ഹീറോയും പോരാളിയുമായാണ് ധോണി എത്തുന്നത്. രമേശ് തമിഴ് മണിയാണ് നോവലിന്റെ രചന. ശിവ ചന്ദ്രികയുടേതാണ് തിരക്കഥ.

തമിഴിലും തെലുങ്കിലും ഹിറ്റുകൾ സൃഷ്ടിച്ച ഫഹദ് ഫാസില്‍ കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. സൂരി സംവിധാനം ചെയ്യുന്ന ‘ബഗീര’ എന്ന ചിത്രത്തിലൂടെയാണ് ഫഹദിന്റെ കന്നഡ അരങ്ങേറ്റം. ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബഗീര. കെജിഎഫ്’ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് തിരക്കഥ. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബഗീരയില്‍ ഒരു സിബിഐ ഉദ്യോഗസ്ഥനായാണ് ഫഹദ് എത്തുന്നത്.
ശ്രീമുരളിയുടെ റോൾ ഒരു പൊലീസ് ഉദ്യോഗസ്ഥനായും. പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ആക്ഷന്‍ ചിത്രമായാണ് ബഗീര ഒരുക്കുക..

Signature-ad

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഹേയ് സിനാമികയ്ക്കു ശേഷം ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ‘തഗ്സ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. മുഴുനീള ആക്ഷന്‍ ചിത്രത്തിന്റെ ട്രെയ്ലറും ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. ദുല്‍ഖര്‍ സല്‍മാന്‍, വിജയ് സേതുപതി, കീര്‍ത്തി സുരേഷ്, ആര്യ, സംഗീത സംവിധായകന്‍ അനിരുദ്ധ് എന്നിവര്‍ ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്ലര്‍ റിലീസ് ചെയ്തത്. ഹൃദു ഹറൂണ്‍ ആണ് ചിത്രത്തിലെ നായകന്‍. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യും. അനശ്വര രാജന്‍ നായികയാവുന്ന ചിത്രത്തില്‍ ബോബി സിംഹ, ആര്‍ കെ സുരേഷ്, മുനിഷ് കാന്ത്, ശരത് അപ്പാനി തുടങ്ങി നീണ്ട താരനിരയാണ് ഉള്ളത്.

ജോജു ജോര്‍ജ് നായകനായി എത്തുന്ന ‘ഇരട്ട’ എന്ന സിനിമയുടെ ആദ്യ പ്രൊമോ സോംങ് പുറത്തെത്തി. മണികണ്ഠന്‍ പെരുമ്പടപ്പ് ഗാനരചനയും സംഗീതവും നിര്‍വഹിച്ച ഈ ഗാനം ജേക്ക്സ് ബിജോയ് ആണ് റീ അറേഞ്ച് ചെയ്തിരിക്കുന്നത്. ജോജു ജോര്‍ജ്, ബെനഡിക്റ്റ് ഷൈന്‍ എന്നിവര്‍ ആലപിച്ച ‘എന്തിനാടി പൂങ്കൊടിേയെ’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തില്‍ എത്തുന്നത്. നിരവധി സസ്പെന്‍സുകള്‍ ഒളിപ്പിച്ചു വച്ച ഒരു പൊലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണത്രേ ‘ഇരട്ട’. നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. തമിഴ്- മലയാളി താരം, അഞ്ജലി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ദിലീഷ് പോത്തന്‍ കന്നഡ ചിത്രത്തില്‍ അഭിനയിക്കുന്നു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പെഡ്രോ എന്ന ചിത്രത്തിന്റെ സംവിധായകന്‍ നടേഷ് ഹെഗ്‌ഡെയുടെ ‘വാഘച്ചിപാനി’ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. പശ്ചിമഘട്ട മേഖലയിലെ വാഘച്ചിപാനി എന്ന ഗ്രാമത്തിന്റെ പേരിലുള്ളതാണ് ചിത്രം. തിരക്കഥ നടേഷിന്റേതാണ്. രാജ് ബി. ഷെട്ടിയും ഗോപാല്‍ ഹെഗ്‌ഡെയും വാഘച്ചിപാനിയില്‍ അഭിനയിക്കുന്നുണ്ട്. പെഡ്രോയുടെ ഭാഗമായിരുന്നു ഇരുവരും. ഋഷഭ് ഷെട്ടി ഫിലിംസാണ് വാഘച്ചിപാനി നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ കാപ്പ ആണ് ദിലീഷ് പോത്തന്‍ അഭിനയിച്ച അവസാന ചിത്രം. അതേസമയം ദിലീഷ് പോത്തന്‍ നിര്‍മ്മാണ പങ്കാളിയായ ഭാവന സ്റ്റുഡിയോസിന്റെ ‘തങ്കം’ തിയേറ്ററുകളിലെത്തി.

സേതു സിനിമയിലേയ്ക്കു പ്രവേശിച്ചത് സച്ചിക്കൊപ്പം ഒരുക്കിയ തിരക്കഥകളിലൂടെയാണ്. പിന്നീട് സ്വന്തമായി ആറ് തിരക്കഥകള്‍ രചിച്ചു. അവയിലൊന്ന് സംവിധാനവും ചെയ്തു. മമ്മൂട്ടിയെ നായകനാക്കി 2018 ല്‍ പുറത്തിറക്കിയ ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ ആയിരുന്നു ആ ചിത്രം. ഇപ്പോഴിതാ നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സേതു രചനയും സംവിധാനവും നിർവ്വഹിക്കുന്ന രണ്ടാമത്തെ ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. ‘മഹേഷും മാരുതിയും’ എന്ന കൗതുകകരമായ പേരുമായി എത്തുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. മംമ്ത മോഹന്‍ദാസ് നായികയും. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘നാലുമണി പൂവ് കണക്കെ’ എന്നാരംഭിക്കുന്ന ഗാനത്തിലെ വരികള്‍ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണന്‍ ആണ്. കേദാര്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചത് ഹരി ശങ്കര്‍ ആണ്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് നിർമ്മാണം.

‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരമ്പരയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’. നിസാമുദ്ദീന്‍ നാസര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണിസ് ദിവാകറിന്റേതാണ് കഥ. ജയന്‍ ചേര്‍ത്തല, കുളപ്പുള്ളി ലീല, മഖ്ബൂല്‍, കണ്ണന്‍ പട്ടാമ്പി, അന്‍സാല്‍ പള്ളുരുത്തി, റിയാസ് പത്താന്‍, ജെന്‍സന്‍ ആലപ്പാട്ട്, ദാസേട്ടന്‍ കോഴിക്കോട് എന്നിവരും അഭിനയിക്കുന്ന ‘റാണി’യുടെ ചിത്രീകരണം പൂര്‍ത്തിയായതായി. രാഹുല്‍ രാജ് തോട്ടത്തില്‍ ആണ് സംഗീത സംവിധാനം.

ചിമ്പു നായകനാകുന്ന പുതിയ ചിത്രമാണ് ‘പത്ത് തല’. ഒബേലി എന്‍ കൃഷ്ണയാണ് സംവിധാനം. മാര്‍ച്ച് 30ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, കലൈയരന്‍, ടീജെ അരുണാസലം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. റൊമാന്റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും ഗൗതം വാസുദേവ മേനോനും മുമ്പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലറാണ് പുതിയ ചിത്രം. ഭാരതിയാറുടെ ‘അഗ്നികുഞ്ജൊണ്‍ഡ്രു കണ്ടേന്‍’ എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയത്. ‘ഉറിയടി’ എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീത സംവിധാനം നൽകിയിരിക്കുന്നത്.

Back to top button
error: