CrimeNEWS

പണം ധൂർത്ത് അടിക്കാനുള്ള ആഗ്രഹം; വീട് കുത്തിത്തുറന്ന് 87,000 രൂപയും രണ്ടര പവന്റെ സ്വർണവും മോഷ്ടിച്ച് പത്താം ക്ലാസുകാരൻ മുങ്ങി! ഒടുവിൽ കുടുങ്ങി, അമ്പരപ്പിൽ പൊലീസ്!

കണ്ണൂർ: ശ്രീകണ്ഠപുരത്ത് വീട് കുത്തി തുറന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി പിടിയിൽ. കഴിഞ്ഞ 17 നാണ് പൊടിക്കളത്തെ ദാക്ഷായണിയുടെ വീട്ടിൽ കവർച്ച നടന്നത്. 87,000 രൂപയും രണ്ടര പവന്റെ സ്വർണവുമാണ് മോഷണം പോയത്.  പകൽ സമയത്ത് വീട് കുത്തിത്തുറന്നായിരുന്നു മോഷണം. കൃത്യമായി വീട് അറിയാവുന്നയാളാണ് മോഷണം നടത്തിയത് എന്ന നിഗമനത്തിലായിരുന്നു പൊലീസ്.

വീടുമായി ബന്ധമുള്ള ആളുകളുടെ ഫിങ്കർ പ്രിന്റ് എടുക്കാനുള്ള നടപടി ശ്രീകണ്ഠാപുരം പൊലീസ് ആരംഭിച്ചു. അതിനിടെയാണ് അയൽവാസിയായ പത്താം ക്ലാസുകാരൻ വീടുവിട്ടിറങ്ങിയ വിവരം പൊലീസിന് ലഭിച്ചത്. രണ്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാർഥി തിരിച്ചെത്താതായതോടെ പൊലീസിന്റെ സംശയം ബലപ്പെടുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കോഴിക്കോടിനടുത്ത് നിന്ന് കണ്ടെത്തിയത്. കുട്ടി പൊലീസിനോട് കുറ്റ സമ്മതം നടത്തി.

കുട്ടിയുടെ കയ്യിൽ നിന്ന് മോഷണം നടത്തിയ സ്വർണാഭരണങ്ങളും കണ്ടെടുത്തു. മോഷ്ടിച്ച തുകയില്‍ നിന്ന് 30, 000 രൂപ കുട്ടി ചിലവഴിച്ചിരുുന്നു. പ്രായപൂർത്തി ആകാത്തതിനാൽ പതിഞ്ചുകാരനെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. പണം ധൂർത്ത് അടിക്കാനുള്ള ആഗ്രഹമാണ് മോഷണത്തിന് പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ അനുമാനം. ഇനി കുട്ടിക്ക് കൗൺസിലിങ്ങ് നൽകും. മോഷണക്കേസ് ആയതിനാൽ കേസിന്റെ നിയമനടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.

ദാക്ഷായണി കൂലിപ്പണിക്ക് പോയ സമയത്താണ് പതിനഞ്ചുകാരൻ ആവീട്ടിലേക്ക് എത്തി പൂട്ട് പൊളിച്ച് അകത്ത് കടന്നത്. മോഷണത്തിന് പിന്നാലെ സുഹൃത്തുക്കൾക്ക് കുട്ടി വസ്ത്രങ്ങൾ വാങ്ങി നൽകിയിരുന്നു. എവിടുന്നാണ് പണം എന്ന് അവർ ചോദിച്ചപ്പോൾ ഓൺലൈൻ ഗെയിം കളിച്ച് കിട്ടിയതെന്നായിരുന്നു കുട്ടിയുടെ മറുപടി. പൊലീസ് തിരയുന്നത് അറിഞ്ഞ് നാടുവിട്ട പതിനഞ്ചുകാരൻ ആദ്യം കോട്ടയത്തേക്ക് പോയി. പിന്നീട് കോഴിക്കോട് എത്തിയപ്പോഴാണ് പൊലീസ് പിടിയിലാകുന്നത്.

Back to top button
error: