തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ചിത്രം സ്വയംവരത്തിന്റെ 50-ാം വാര്‍ഷികം വിവാദത്തില്‍. ചടങ്ങ് സംഘടിപ്പിക്കാന്‍ പണപ്പിരിവ് നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. എന്നാല്‍, പണപ്പിരിവ് നടത്തുന്നത് സാധാരണ നടപടിയെന്നായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം.
സ്വയംവരം സിനിമയുടെ 50-ാം വാര്‍ഷികം അടൂരില്‍ വെച്ച് വിപുലമായി ആഘോഷിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി പഞ്ചായത്ത് തലത്തില്‍ അയ്യായിരം രൂപ പിരിക്കണമെന്നാണ് ഉത്തരവ്. പത്തനംതിട്ട ജില്ലയിലെ ഓരോ ഗ്രാമ പഞ്ചായത്തുകളും 5000 രൂപ വീതം പരിപാടിക്കായി നല്‍കണമെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്.
എന്നാല്‍, സംഭവം വിവാദമായതോടെയാണ് മന്ത്രി എം.ബി. രാജേഷ് വിശദീകരണവുമായി രംഗത്തെത്തിയത്. ഇത് സാധാരണയായി ചെയ്യുന്ന കാര്യമാണെന്നും ആരേയും നിര്‍ബന്ധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കോട്ടയം കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് എടുത്ത നിലപാടുകള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ അടൂരിന് പിന്തുണയുമായി രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് സ്വയംവരം സിനിമയുടെ 50-ാം വാര്‍ഷികവും വിവാദത്തിലാകുന്നത്.
അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ‘സ്വയംവരം’ സിനിമയുടെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന്റെ പണപ്പിരിവ്. പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകള്‍ 5000 രൂപ വീതം നല്‍കണമെന്ന് തദ്ദേശവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. മാര്‍ച്ചില്‍ അടൂരിലാണ് പരിപാടി.
സ്വയംവരത്തിന്റെ അന്‍പതാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി സംഘാടക സമിതിയെയും രൂപീകരിച്ചിരുന്നു. സംഘാടക സമിതിയാണ് സര്‍ക്കാരിനോടു പണപ്പിരിവിന് അനുമതി തേടിയത്. ഇതിനു അനുമതി നല്‍കിക്കൊണ്ടാണ് തദ്ദേശ വകുപ്പിന്റെ ഉത്തരവ്.