IndiaNEWS

ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ജെ.ഡി.യു; യാത്ര രാജ്യത്തെ പ്രതിപക്ഷ മുന്നേറ്റത്തെ തിരികെ കൊണ്ടുവന്നെന്ന് ടൈം മാഗസിന്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജനുവരി 30 ന് ശ്രീനഗറില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ജെഡിയു. നാഗാലാന്‍ഡിലെ തെരഞ്ഞെടുപ്പ് പ്രചരണം കണക്കിലെടുത്താണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് പാര്‍ട്ടി വിശദീകരണം. ഭാരത് ജോഡോ യാത്രയുടെ സമാപനം പ്രതിപക്ഷ പാർട്ടികളുടെ സംഗമം കൂടിയാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ജെ.ഡി.യുവിന്റെ തീരുമാനം.

നാഗാലാന്‍ഡിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും ഭാരത് ജോഡോ യാത്രയുടെ സമാപനവും ഒരേ ദിവസമായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തില്‍ ജെഡിയു ദേശീയ പ്രസിഡന്റ് രാജീവ് രഞ്ജന്‍ സിങ് പറഞ്ഞു. രാജ്യത്ത് ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ച്ചയിലാണ്. ചരിത്രത്തിന്റെ ഭാഗമാകാനിരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും രഞ്ജന്‍ സിങ് സിങ് പറഞ്ഞു. എന്നാല്‍ അതേ ദിവസം നാഗാലാന്‍ഡില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കേണ്ടതിനാല്‍ അതിന് സാധിക്കില്ലെന്നും കത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര രാജ്യത്തെ പ്രതിപക്ഷ മുന്നേറ്റത്തെ തിരികെ കൊണ്ടുവരുന്ന ഒന്നായി മാറിയെന്ന് ടൈം മാഗസിന്‍ റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ തങ്ങള്‍ തന്നെയാണ് പ്രധാന എതിരാളികളെന്ന് തെളിയിക്കാനുള്ള കോണ്‍ഗ്രസിന്റെ പ്രധാന നീക്കമാണ് യാത്രയെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നായിരുന്നു ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. അഞ്ച് മാസം വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ഈ മാസം 30ന് ശ്രീനഗറില്‍ സമാപിക്കുന്നത്. 117 സ്ഥിരം അംഗങ്ങളാണ് രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ പങ്കെടുക്കുന്നത്. ഇപ്പോള്‍ കശ്മീരിലൂടെയാണ് കാല്‍നടയാത്ര പര്യടനം തുടരുന്നത്. ജനുവരി 30ന് യാത്ര ശ്രീനഗറില്‍ അവസാനിക്കും. രണ്ട് ഡസനോളം ദേശീയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു മെഗാ റാലിയോടെ യാത്ര സമാപിക്കും. രാഷ്ട്രീയം പുനഃസൃഷ്ടിക്കാനും രാഹുല്‍ ഗാന്ധിയുടെ പൊതു പ്രതിച്ഛായ മാറ്റാനുമാണ് യാത്ര ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര നിലപാട് മൂര്‍ച്ച കൂട്ടാനുള്ള രാഹുല്‍ ഗാന്ധിയുടെ വലിയ ശ്രമമാണിതെന്നും ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.

Back to top button
error: