തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തു വരുന്നത് രാജ്യത്തിന്റെ പരമാധികാരത്തെയും ദേശസുരക്ഷയെയും ബാധിക്കില്ലെന്നും അത്തരം നിലപാട് അപക്വമാണെന്നും ശശി തരൂർ എംപി. ബിബിസി ഡോക്യുമെൻ്ററി കൊണ്ട് തകരുന്നത് അല്ല നമ്മുടെ പരമാധികാരമെന്നും അനിൽ ആന്റണിയുടെ നിലപാടിനോടുള്ള പ്രതികരണമായി തരൂർ പറഞ്ഞു. ബാക്കി കാര്യങ്ങള്‍ അനിൽ അന്റണിയോട് ചോദിക്കണം.ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു.
ജനാധിപത്യത്തില്‍ എല്ലാവര്ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്. ആവിഷ്കാര സ്വാതന്ത്യമുണ്ട്. അതിന് വിലക്കേര്‍പ്പെടുത്തുന്നത് ശരിയല്ല. ജനങ്ങള്‍ കണ്ട് വിലയിരുത്തട്ടെ. ബിബിസി ഡോക്യുമെന്റി 2002 ല്‍ നമ്മുടെ രാജ്യത്ത് സംഭവിച്ച കാര്യത്തിലുള്ളതാണ്. ആ കാലത്ത് ബ്രീട്ടീഷ് ഹൈക്കമ്മീഷനില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ പോയി അന്വേഷണം നടത്തി. അവരുടെ റിപ്പോര്‍ട്ട് ഇപ്പോള്‍ ബിബിസിക്ക് കിട്ടി. അവരത് ഡോക്യുമെന്ററി ആക്കി, ഇതില്‍ വലിയൊരു അതിശയം തേന്നേണ്ട കാര്യമില്ല. ഇംഗ്ലണ്ടിലെ ലെസ്റ്റരില്‍ നടന്ന കലാപത്തില്‍ നമ്മുടെ നയതന്ത്ര പ്രതിനിധികളും റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.ബിബിസി ഡോക്യുമെന്ററി കാണാനും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും എല്ലാവര്ക്കും അവകാശമുണ്ട്. ആ സ്വാതന്ത്രം എല്ലാവര്ക്കും കൊടുക്കണമെന്നും തരൂര്‍ പറഞ്ഞു