CrimeKeralaNEWS

ജഡ്ജിക്കു നൽകാനെന്ന പേരിൽ കൈക്കൂലി: അഭിഭാഷകന്‍ സൈബി ജോസ് ഭീഷണിപ്പെടുത്തിയെന്ന് നാല് അഭിഭാഷകർ

കൊച്ചി: ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയ ഹൈക്കോടതി അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ കൂടുതൽ ഗുരുതരമായ വെളിപ്പെടുത്തലുകൾ. സൈബി ഭീഷണിപ്പെടുത്തിയിരുന്നതായി നാല് അഭിഭാഷകര്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് മൊഴി നല്‍കി. സൈബിയും കൂട്ടുകാരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ഒരു അഭിഭാഷകന്റെ മൊഴി.

2017 മുതല്‍ 2020 വരെ താന്‍ സൈബിയുടെ നിര്‍ദേശപ്രകാരം കേസിന്റെ ആവശ്യത്തിനായി മൂന്നു പൊലീസ് സ്‌റ്റേഷനില്‍ പോയിട്ടുണ്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ടവരുടെ കേസായിരുന്നു ഇത്. സിനിമാനിര്‍മാതാവിന്റെ പേരില്‍ രജിസ്റ്റര്‍ചെയ്ത കേസിലും സൈബിയുടെ നിര്‍ദേശ പ്രകാരം പ്രതിയോടൊപ്പം പോയിട്ടുണ്ട്. പീഡനക്കേസില്‍ പ്രതിയായ നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ 2022 ഒക്ടോബര്‍ 17ന് എറണാകുളം വാരിയം റോഡിലെ ഹോട്ടലില്‍വെച്ച് കണ്ടിരുന്നു. അപ്പോള്‍ കേസുമായി ബന്ധപ്പെട്ട് സൈബിക്ക് 25 ലക്ഷം രൂപ നല്‍കിയതായി നിര്‍മാതാവ് വെളിപ്പെടുത്തി. ഇതില്‍ 15 ലക്ഷം തന്റെ ഫീസാണെന്നാണ് സൈബി പറഞ്ഞത്. അഞ്ചുലക്ഷം രൂപ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, കുറച്ചു തുക ജഡ്ജിക്ക് നല്‍കണമെന്ന് സൈബി പറഞ്ഞതായി സിനിമാനിര്‍മാതാവ് വെളിപ്പെടുത്തിയെന്നും അഭിഭാഷകന്റെ മൊഴിയിലുണ്ട്.

Signature-ad

സംഭവത്തില്‍ പൊലീസിന്റെ മൊഴിയെടുക്കല്‍ തുടരുകയാണ്. ദുബായിലായിരുന്ന സിനിമാനിര്‍മാതാവ് ഇന്നലെ സിറ്റി പൊലീസ് കമ്മിഷണറുടെ മുന്നില്‍ മൊഴി നല്‍കി. അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് പൊലീസ് മൊഴിയെടുക്കല്‍ തുടരുകയാണ്. ആരോപണവിധേയനായ സൈബി ജോസിന്റെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. ചോദ്യം ചെയ്യലിന് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ സൈബി ജോസിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Back to top button
error: