കല്‍പ്പറ്റ: കാരാപ്പുഴ ഡാമില്‍ കുട്ടത്തോണി മറിഞ്ഞ് കാണാതായ ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തി. വാഴവറ്റ പാക്കം ചീപ്രം കോളനിയിലെ മീനാക്ഷി (45) യുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കണ്ടെത്തിയത്. തിരച്ചില്‍ നടക്കുന്നതിനിടെ മൃതദേഹം റിസര്‍വോയറിന്റെ ഒരു ഭാഗത്ത് പൊങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു. ഉടനെ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ എത്തി മൃതദേഹം കരക്കെത്തിച്ചതിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ഞായറാഴ്ച വിറക് ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് മീനാക്ഷിയും ഭര്‍ത്താവ് ബാലനും സഞ്ചരിച്ച കുട്ടത്തോണി ഡാം റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടനെ തന്നെ ബാലന്‍ നീന്തി കരക്ക് കയറിയിരുന്നു. ഇദ്ദേഹത്തില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് നാട്ടുകാര്‍ കല്‍പ്പറ്റ ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയായിരുന്നു. കുറച്ചു സമയത്തിനകം തന്നെ അഗ്നി രക്ഷാ സേനയില്‍ സ്‌കൂബാ ഡൈവേഴ്‌സ് എത്തി ഡാമില്‍ ഇറങ്ങി മുങ്ങിയെങ്കിലും ആഴവും തണുപ്പും കാരണം രക്ഷാപ്രവര്‍ത്തനം ഫലവത്തായില്ല. തിങ്കളാഴ്ച കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും സന്നദ്ധ സംഘടനയായ തുര്‍ക്കി ജീവന്‍ രക്ഷാസമിതി അംഗങ്ങളും സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും മീനാക്ഷിയെ കണ്ടെത്താനായിരുന്നില്ല.
തിങ്കളാഴ്ച വൈകുന്നേരത്തോടെ നിര്‍ത്തിയ തിരച്ചില്‍ ചൊവ്വാഴ്ച എട്ടരയോടെ പുനരാരംഭിക്കുയായിരുന്നു. ഡിങ്കി ബോട്ടുകളില്‍ ഡാമില്‍ വ്യാപക തിരച്ചില്‍ നടക്കുന്നതിനിടെയാണ് മൃതദേഹം പൊങ്ങിയത്. അപകടമുണ്ടായ ഭാഗം കൃത്യമായി ചൂണ്ടിക്കാണിക്കാന്‍ ഭര്‍ത്താവ് ബാലന് കഴിയാതിരുന്നതും ജലാശയത്തിലെ കടുത്ത തണുപ്പുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായതെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. കല്‍പ്പറ്റ ഫയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ പി കെ ബഷീര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍മാരായ വി ഹമീദ്, സെബാസ്റ്റ്യന്‍ ജോസഫ്, സീനിയര്‍ ഫയര്‍ ഓഫീസര്‍മാരായ കെ എം ഷിബു, സി കെ നിസാര്‍ ഫയര്‍ ഓഫീസര്‍മാരായ എം ബി ബിനു, ഷറഫുദ്ദീന്‍, ജിതിന്‍ കുമാര്‍, ദീപ്ത്‌ലാല്‍, ഹോംഗാര്‍ഡുമാരായ പി കെ രാമകൃഷ്ണന്‍, എന്‍ സി രാരിച്ചന്‍, പി ശശീന്ദ്രന്‍ എന്നിവര്‍ തിരച്ചിലില്‍ പങ്കാളികളായി.