KeralaNEWS

എല്ലാത്തിലും പ്രതികരിക്കാൻ ഞാൻ മന്ത്രിയല്ല, മറ്റാരോടെങ്കിലും ചോദിക്കൂ… ശങ്കർ മോഹന്റെ രാജിയിൽ അടൂരിന്റെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും ശങ്കർ മോഹൻ രാജിവെച്ചതിൽ പ്രതികരിക്കാനില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ. ചെയർമാൻ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും അടൂർ. ‘കാണുന്നിടത്തെല്ലാം പ്രതികരിക്കാനില്ല. എല്ലാ വിഷയത്തിലും പ്രതികരിക്കാൻ ഞാൻ മന്ത്രിയല്ല. രാജിയിൽ പ്രതികരണം അറിയണമെങ്കിൽ മറ്റാരോടെങ്കിലും പോയി ചോദിക്കൂവെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

ഉച്ചക്ക് 12 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിയാണ് ശങ്കർ മോഹൻ രാജി സമർപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനും രാജിയുടെ പകർപ്പ് നൽകിയിട്ടുണ്ട്. ജാതിവിവേചനം ഉൾപ്പെടെ ഒട്ടേറെ ആരോപണങ്ങൾ നേരിട്ടിരുന്ന ഇദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ സമരത്തിലായിരുന്നു. കഴിഞ്ഞ ഡിംസംബർ അഞ്ച് മുതലായിരുന്നു ശങ്കർ മോഹനെതിരെ വിദ്യാർത്ഥികൾ സമരം ആരംഭിച്ചിരുന്നത്.

Signature-ad

ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം നടക്കുന്നുവെന്ന് പറഞ്ഞാണ് വിദ്യാർത്ഥികളും ശുചീകരണ തൊഴിലാളികളും സമരം തുടങ്ങിയിരുന്നത്. സമരത്തെയും വിദ്യാർത്ഥികളെയും അധിക്ഷേപിച്ച അടൂർ ഗോപാലകൃഷ്ണന്റെ പ്രസ്താവനകളും വിവാദത്തിലായിരുന്നു. ജാതി വിവേചനം നടക്കുന്നില്ലെന്നാണ് അടൂർ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെ അ‌ടൂർ ഗോപാലകൃഷ്ണനെതിരേയും പ്രതിഷേധം ശക്തമായിരുന്നു. അ‌ടൂരിനെ വിമർശിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലുൾപ്പെടെ രംഗത്തെത്തിയത്.
എന്നാൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ആഷിഖ് അബു, രാജീവ് രവി, ജിയോ ബേബി, അമൻ നീരദ്, മഹേഷ് നാരായണൻ തുടങ്ങി സിനിമാ മേഖലയിലെ പല പ്രമുഖരും വുമൺ ഇൻ സിനിമാ കളക്ടീവും രംഗത്തെത്തിയിരുന്നു. അതേസമയം, ശങ്കർ മോഹന്റെ രാജിയിൽ വിദ്യാർത്ഥി സമര നേതാക്കൾ പ്രതികരിച്ചു. 12ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് തങ്ങളുടെ സമരമെന്നും ഇക്കാര്യത്തിൽ കൃത്യമായ ഉറപ്പ് ലഭിച്ചാൽ മാത്രമെ സമരം വിജയമാണെന്ന് പറയാൻ കഴിയുകയുള്ളുവെന്നും വിദ്യാർത്ഥി പ്രതിനിധികൾ പറഞ്ഞു.

Back to top button
error: