CrimeNEWS

തട്ടിപ്പുവീരൻ പ്രവീണ്‍ റാണ 10 ദിവസം പോലീസ് കസ്റ്റഡിയില്‍, ജാമ്യഹര്‍ജി പരിഗണിച്ചില്ല

തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയെ 10 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. 10 ദിവസത്തെ കസ്റ്റഡി വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അഡീ. ജില്ലാ കോടതി ജഡ്ജി ടി.കെ. മിനിമോള്‍ അനുവദിച്ചു. അതേസമയം റാണ നല്‍കിയ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. 28 ന് വൈകീട്ട് അഞ്ചുവരെ പോലീസ് കസ്റ്റഡിയില്‍ തുടരും. ഇയാളുടെ ജാമ്യഹര്‍ജി 30 ലേക്ക് നീട്ടി.

നിക്ഷേപകരുടെ പണം ബിസിനസില്‍ നിക്ഷേപിച്ചതായി റാണ മാധ്യമങ്ങളോട് പറഞ്ഞു. പ്രവീണ്‍ റാണയുടേയും ബിനാമികളുടേയും പേരിലുള്ള 12 വസ്തുക്കളെ കുറിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ വിവരം കിട്ടി. കസ്റ്റഡിയില്‍ വച്ച് കൂടുതല്‍ തെളിവെടുക്കും. സേഫ് ആന്‍ജ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പില്‍ മുഖ്യപ്രതി പ്രവീണ്‍ റാണ പണം കടത്തിയ വഴികളെ സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് കണ്ടെത്തിയത്. വന്‍തുക റാണ വകമാറ്റി ചെലവിട്ടുവെന്നാണ് വിവരം.

Signature-ad

മുംബൈയിലെ അയാന്‍ വെല്‍നെസില്‍ റാണ 16 കോടിയാണ് നിക്ഷേപിച്ചിരുന്നത്. തൃശൂര്‍ ഈസ്റ്റ് പോലീസ് റെയ്ഡ് നടത്തി പിടിച്ചെടുത്ത രേഖകളുടെ പരിശോധനയിലാണ് ബിനാമി ഇടപാടുകള്‍ കണ്ടെത്തിയത്. വിവിധ പ്രദേശങ്ങളില്‍ നിന്ന് റാണയുടെ തട്ടിപ്പുകള്‍ സംബന്ധിച്ച് പോലീസിനു പരാതികള്‍ ലഭിക്കുന്നുണ്ട്. റാണയുടെ കേരളത്തിലെ ഓഫീസുകളിലും വീടുകളിലും അടുത്ത കൂട്ടാളികളുടെ വീടുകളിലും പോലീസ് നടത്തിയ റെയ്ഡുകളില്‍ നിക്ഷേപം സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധന നടത്തുകയാണ്.

നിക്ഷേപകരില്‍ നിന്നും തട്ടിയെടുത്ത പണമുപയോഗിച്ച് റാണ സ്വന്തം പേരിലും കൂട്ടാളികളുടെ പേരിലും ഭൂസ്വത്തുക്കള്‍ സ്വന്തമാക്കുകയും ഡാന്‍സ് ബാറുകളില്‍ നിക്ഷേപം നടത്തുകയും ചെയ്തതായാണ് വിവരം. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ ഭൂമി വാങ്ങിയതായും കണ്ടെത്തി. പല ഇടപാടുകളും ബിനാമിപേരുകളിലാണ് നടത്തിയത്. റാണയുടെ അടുത്ത കൂട്ടാളികളുടെ പേരിലാണ് ഭൂനിക്ഷേപങ്ങളില്‍ ചിലത്. പണമായി കോടികള്‍ പലര്‍ക്കും കൈമാറിയതായും സൂചനയുണ്ട്. മുംബൈ മാതൃകയില്‍ ഡാന്‍സ് ബാറുകള്‍ തുടങ്ങാനാണ് റാണ പദ്ധതിയിട്ടത്.

പാലക്കാട്, വിയ്യൂര്‍ സ്‌റ്റേഷനുകളിലെ 15 കേസുകളില്‍ കൂടി പ്രവീണ്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതി അനുവദിച്ചു. 10 ദിവസത്തെ കസ്റ്റഡിയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പ്രവീണറാണയില്‍ നിന്നും ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. പ്രവീണ്‍റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത എ.എസ്.ഐ: സാന്റോയെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നുു. ചോരന്‍ എന്ന ചിത്രം സംവിധാനം ചെയ്തത് അനുമതിയില്ലാതെയാണ് എന്നു ചൂണ്ടിക്കാട്ടിയാണ് റേഞ്ച് ഡി.ഐ.ജിയുടെ നടപടി.

Back to top button
error: