ഇടുക്കി: ഇടുക്കിയില്‍ മാത്രമല്ല കേരളത്തിലാകെ നിലനില്‍ക്കാവുന്ന വിധത്തില്‍ 1960ലെ ഭൂപതിവ് ചട്ടം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലുമായി മുന്നോട്ടുപോകാനുള്ള ഔദ്യോഗികമായ തീരുമാനം എടുത്തതായി റവന്യ മന്ത്രി കെ. രാജന്‍. മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ ഭൂരഹിതരായ 100 പേര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള തുക അനുവദിച്ചുള്ള അനുമതി പത്രത്തിന്റെയും, നേരത്തെ ഭൂമി വാങ്ങിയ 50 പേര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായം അനുവദിച്ചു കൊണ്ടുള്ള അനുമതി പത്രത്തിന്റെയും, പഞ്ചായത്തിലെ പുതിയ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട അര്‍ഹരായ 45 ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്കുള്ള ഭവന നിര്‍മ്മാണ ധനസഹായ രേഖയുടെയും വിതരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ലൈഫ് പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയത ശേഷം ആദ്യമായി മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ 50 പേരെയെങ്കിലും ഉപഭോക്താക്കളാക്കി കൊണ്ട് ഈ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞത് ചരിത്രമാണ്. 1960ല്‍ രൂപീകരിക്കപ്പെട്ട ഭൂപതിവ് നിയമം 2023ല്‍ എത്തിച്ചേര്‍ന്നപ്പോള്‍ മുപ്പതോളം വിവിധങ്ങളായ ചട്ടങ്ങള്‍ കൂടി തയ്യാറാക്കപ്പെട്ട വിധത്തില്‍ മാറി കഴിഞ്ഞിട്ടുണ്ട്. 1960ല്‍ ഭൂപതിവ് നിയമം രൂപീകരിച്ച ശേഷം ആദ്യം വന്ന ചട്ടം 1964ലെ ചട്ടമാണ്. ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തുമ്പോള്‍ അതിനനുസരിച്ച് വിവിധങ്ങളായ ചട്ടങ്ങളിലും ഭേതഗതി ഉണ്ടാക്കേണ്ടി വരും. ചട്ടങ്ങളിലെ ഭേദഗതി, നിയമഭേദഗതി അംഗീകരിച്ചാല്‍ അതിനുശേഷം നടത്തേണ്ട സര്‍ക്കാരിന്റെ ഒരു ഇടപെടലാണ്. മൂന്നാറിലെ പ്രശ്‌നങ്ങളെ കേട്ടും ഇടുക്കിയിലെ ജനപ്രതിനിധികളുടെ വാക്കുകള്‍ മുഖവിലക്കെടുത്തും കേരളത്തിലാകെ സാധാരണക്കാരായ മനുഷ്യരുടെ ജീവിത പ്രശ്‌നങ്ങളെ തിരിച്ചറിഞ്ഞു കൊണ്ടുമാകും ഭൂപതിവ് നിയമവും ഭൂപതിവ് നിയമത്തെ തുടര്‍ന്ന് കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ചട്ടഭേദഗതികളും നടപ്പില്‍ വരുത്തുയെന്നും മന്ത്രി പറഞ്ഞു.
അഡ്വ. എ രാജ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വാഴൂര്‍ സോമന്‍ എം എല്‍ എ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ കണ്ണന്‍, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജേന്ദ്രന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.