തൃശൂർ: അരണാട്ടുകരയിൽ ബൈക്ക് റേസ് മത്സരത്തിന്റെ മറവിൽ പാടം നികത്താൻ ശ്രമമെന്ന് ആരോപണം. ബൈക്ക് റേസിങിനുള്ള ട്രാക്ക് നിർമിക്കാൻ നിക്ഷേപിച്ച 600 ലോഡ് മണ്ണ് ഇനിയും നീക്കിയിട്ടില്ല. മണ്ണ് മാറ്റാൻ ജില്ലാ കലക്ടർ റേസിങ് മത്സരത്തിന്റെ സംഘാടകർക്ക് നോട്ടീസ് നൽകി.
ഒരാഴ്ച മുമ്പായിരുന്നു അരണാട്ടുകര പാടത്ത് ബൈക്ക് റേസിങ് മത്സരം നടന്നത്. രണ്ടു സ്വകാര്യ വ്യക്തികളുടെ എട്ടേക്കർ ഭൂമിയിലായിരുന്നു മത്സരം. പാടം നികത്താനുള്ള എളുപ്പവഴിയായാണ് ബൈക്ക് റേസിങ് ട്രാക്ക് നിർമിച്ചതെന്നാണ് ബിജെപി ആരോപിക്കുന്നത്. പാടം നികത്താൻ 600 ലോഡ് മണ്ണാണ് ഈ സ്ഥലത്ത് നിക്ഷേപിച്ചത്. ദേശീയപാതാ നിർമ്മാണത്തിനുള്ള മണ്ണാണ് ഇവിടെ എത്തിച്ചതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
മണ്ണടിച്ചതിനു പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് ബി ജെ പി തൃശ്ശൂര്‍ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ ആവശ്യപ്പെട്ടു. സംഘാടകരോട് മണ്ണെടുത്ത് മാറ്റാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 15 ന് മുമ്പ് മണ്ണു മാറ്റുമെന്നായിരുന്നു സംഘാടകർ നൽകിയ സത്യവാങ്മൂലം. ഇപ്പോൾ മണ്ണ് മാറ്റാൻ കോർപറേഷന്റെ അനുമതി വേണമെന്നാണ് വാദം. ഇക്കാര്യത്തിൽ കോർപ്പറേഷൻ പ്രതികരിക്കുന്നതുമില്ല.