ശബരിമല: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് ശബരീശ ദർശനം ഇനി മൂന്നു ദിവസം കൂടി മാത്രം. തീർഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും. 19 വരെയാണ് സന്നിധാനത്ത് ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം ലഭിക്കുക. തീര്‍ത്ഥാടനം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ തിരക്ക് കുറഞ്ഞു. ഇപ്പോള്‍ ദര്‍ശനം നടത്തുന്നവര്‍ ആവശ്യാനുസരണം സമയമെടുത്ത് അയ്യപ്പനെ കണ്‍നിറയെ കണ്ട് മനം നിറഞ്ഞാണ് മടങ്ങുന്നത്.
ഇത്തവണത്തെ മകരജ്യോതി ദര്‍ശനത്തിനും മകര സംക്രമ പൂജക്കും ഭക്തരുടെ അഭൂതപൂര്‍വമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മകരവിളക്കാഘോഷത്തിന് ശേഷവും ഞായറാഴ്ച്ച ഉച്ചവരെ ഇടമുറിയാതെ ഭക്തരുടെ തിരക്കനുഭവപ്പെട്ടിരുന്നു. മകരജ്യോതി ദര്‍ശനത്തിനായി എത്തി സന്നിധാനത്ത് തമ്പടിച്ചിരുന്ന അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയിരുന്ന ഭക്തര്‍ പൂര്‍ണ്ണമായി തിരികെ പോയി കഴിഞ്ഞു. സംസ്ഥാനത്തിനുള്ളില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സന്നിധാനത്തേക്ക് കൂടുതലായി എത്തി. തിരക്ക് കുറഞ്ഞതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സന്നിധാനത്ത് പടി പൂജ നടന്നു. ഭക്തരുടെ തിരക്കൊഴിഞ്ഞതോടെ സന്നിധാനവും പരിസരവും ശുചീകരിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.