KeralaNEWS

ലഹരിക്കെതിരെ പ്രസംഗിക്കുന്നവര്‍ തന്നെ ലഹരി കടത്തുന്നു; രൂക്ഷവിമർശനവുമായി ജി. സുധാകരൻ 

ആലപ്പുഴ: സിപിഎം നേതാവിന്റെ വാഹനത്തിലെ ലഹരി കടത്ത് വിവാദമായതിന് പിന്നാലെ രൂക്ഷ വിമർശനവുമായി മുതിര്‍ന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരന്‍. ലഹരിക്കെതിരെ പ്രസംഗിക്കുന്നവര്‍ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിതെന്ന് സുധാകരൻ വിമർശിച്ചു. അതൊരു തമാശയായി കാണുന്നു. അത്തരമൊരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. രാഷ്ട്രീയം കലയും സംസ്‌കാരവും ചേര്‍ന്നതാണ്. എന്നാല്‍, അതിപ്പോള്‍ ദുഷിച്ചു പോയെന്നും സുധാകരന്‍ പറഞ്ഞു.

ആലപ്പുഴയില്‍ ജൂനിയര്‍ ചേംബര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് പരോക്ഷമായി സിപിഎം നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു പൊരുത്തവും വേണ്ടെന്ന് അലിഖിതമായി അംഗീകരിക്കപ്പെട്ട അവസ്ഥയാണ്. അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ചാല്‍ പോരാ, അഴിമതി കാണിക്കാതിരിക്കുകയും, കാണിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയും, ഭരണഘടനാപരമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ നല്‍കുകയും വേണമെന്ന് ജി. സുധാകരന്‍ പറഞ്ഞു.

Signature-ad

ആലപ്പുഴ നഗരസഭ കൗണ്‍സിലര്‍ ഷാനവാസിന്റെ വാഹനത്തില്‍ നിന്നാണ് ഒരു കോടി രൂപ വില വരുന്ന നിരോധിത ലഹരി ഉത്പന്നങ്ങള്‍ കരുനാഗപ്പള്ളിയില്‍ വെച്ച് പൊലീസ് പിടികൂടിയത്. ലോറിയില്‍ സവാളചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. സംഭവത്തിണ് പിന്നാലെ ഷാനവാസിനെ സിപിഎമ്മില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. കേസില്‍ സിപിഎം അംഗമായ ഇജാസ് അടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Back to top button
error: