ബീജിങ്: ഒരു മാസത്തിനിടെ കൊവിഡ് ബാധിച്ച് 60,000 പേർ മരിച്ചതായി സ്ഥിരീകരിച്ചു ചൈന. ഡിസംബറിന്റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ വര്‍ധനവ് കണ്ടെത്തുകയും മരണനിരക്ക് ഉയരുകയും ചെയ്തുവെങ്കിലും ഇത് സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിടാൻ ചൈന ഇതുവരെ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചൈന. 59,938 കൊവിഡ് അനുബന്ധ മരണങ്ങളാണ് ഒരു മാസത്തിനിടെ ചൈനയിൽ റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ ഹെൽത്ത് മിഷനു കീഴിലുള്ള മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ബ്യൂറോയുടെ മേധാവിയായ ജിയാവോ യഹുയി പറഞ്ഞു.
അതേസമയം, ചൈനയിലെ ഉയര്‍ന്ന കൊവിഡ് നിരക്കുകളില്‍ ആശങ്കയുണ്ടെന്ന് നേരത്തെ ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ചൈനയിലെ ആരോഗ്യ സംവിധാനത്തിന് ആവശ്യമായ പിന്തുണ നൽകുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് കുറച്ച് ദിവസം മുമ്പ് തന്നെ പറഞ്ഞിരുന്നു. അപ്പോഴും മരണനിരക്കുകൾ റിപ്പോർട്ട് ചെയ്യാത്തതിന്റെ പേരിൽ കഴിഞ്ഞ ദിവസവും ചൈനയ്ക്കെതിരെ ലോകാരോഗ്യസംഘടന രംഗത്തെത്തിയിരുന്നു.