https://youtu.be/6u5P3SZNE1M
സിപിഐഎം സംസ്ഥാന സെക്രട്ടറി പദത്തിൽ നിന്ന് അവധിയിൽ പോകുന്ന കോടിയേരി ബാലകൃഷ്ണൻ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നു. തന്നെ അവധിയിൽ പോകാൻ അനുവദിക്കണം എന്ന അഭ്യർത്ഥന മുന്നോട്ട് വയ്ക്കുന്നതിനോടൊപ്പമാണ് കോടിയേരി ഇക്കാര്യവും പറഞ്ഞത്.
അവധിയിൽ ഉറച്ചു നിൽക്കുക എന്ന തീരുമാനത്തോടെ തന്നെയാണ് കോടിയേരി സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തത്. യോഗം തുടങ്ങിയപ്പോൾ തന്നെ രണ്ട് നിമിഷം തന്നെ കേൾക്കണം എന്ന് കോടിയേരി ആവശ്യപ്പെട്ടു.
പാർട്ടി രണ്ട് തെരഞ്ഞെടുപ്പുകളെ നേരിടാൻ പോകുകയാണ്. പാർട്ടിയെ നയിക്കാൻ ശാരിരീകവും മാനസികവുമായി ശക്തിയുള്ള സെക്രട്ടറി ആണ് വേണ്ടത്. തനിയ്ക്ക് ഇപ്പോൾ ഇത് രണ്ടും ഇല്ല. ഈ പശ്ചാത്തലത്തിൽ തന്നെ അവധിയിൽ പോകാൻ അനുവദിക്കണം.
കുടുംബം വ്യക്തിയുടെ ഭാഗം തന്നെയാണ്. തന്റെ മകൻ ഇ ഡി കേസിൽ പെട്ട് ജയിലിൽ ആണ്. തെരഞ്ഞെടുപ്പ് രംഗത്ത് ഓരോ സ്ഥാനാർഥിയും പ്രവർത്തകനും ഈ ചോദ്യം അഭിമുഖീകരിക്കേണ്ടി വരും ആ സാഹചര്യം ഒഴിവാക്കാൻ ഞാൻ ആഗ്രഹിക്കുന്നു-കോടിയേരി വികാരാധീനനായി പറഞ്ഞു.
തുടർന്നൂടെ എന്ന് പിണറായി ഒരിക്കൽ കൂടി ചോദിച്ചു. എന്നാൽ നിലപാടിൽ മാറ്റമില്ല എന്നായിരുന്നു മറുപടി. എന്നാൽ ഇനിയാര് എന്നായി പിണറായിയുടെ ചോദ്യം.ഉത്തരം നിശബ്ദത. പിന്നാലെ പിണറായിയുടെ മറുപടിയെത്തി, വിജയരാഘവൻ ആകട്ടെ. ആരും ഒന്നും പറഞ്ഞില്ല.
എം വി ഗോവിന്ദൻ മാസ്റ്റർ പകരം വരും എന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ കണ്ണൂർ വിഭാഗത്തിൽ നിന്ന് തന്നെ വലിയ എതിർപ്പ് ഗോവിന്ദൻ മാസ്റ്റർക്കെതിരെ ഉയർന്നു വന്നിരുന്നു.അങ്ങിനെ വിജയരാഘവന് നറുക്ക് വീണു.